പത്തനംതിട്ട: റാന്നി പ്ലാച്ചേരി ഫോറസ്‌റ്റ് സ്‌റ്റേഷൻ പരിസരത്ത് ഗ്രോ ബാഗില്‍ നട്ടു വളർത്തിയ കഞ്ചാവ് കണ്ടെത്തി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത് (Marijuana farming in Forest station). ഗ്രോ ബാഗില്‍ 40 ഓളം കഞ്ചാവ് ചെടികൾ നട്ടു വളർത്തിയെന്നാണ് റിപ്പോർട്ട്.
വാർത്ത പുറത്ത് വന്നതോടെ സംഭവത്തില്‍ പ്രതിഷേധിച്ചെത്തിയ നാട്ടുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും കഞ്ചാവ് ചെടി കണ്ടെത്തി. ജീവനക്കാർ നട്ട കഞ്ചാവ് ചെടികള്‍ നേരത്തെ നീക്കിയിരുന്നുവെങ്കിലും അവയില്‍പ്പെട്ട ഒരു ചെടി മരത്തിന് താഴെ നിന്ന് പ്രതിഷേധക്കാർ കണ്ടെടുക്കുകയായിരുന്നു. കഞ്ചാവ് ചെടി പ്രതിഷേധക്കാർ മാധ്യമങ്ങൾക്ക് മുന്നിൽ ഉയർത്തി കാട്ടി. ഇതേ തുടർന്ന് ഫോറസ്റ്റ് സ്റ്റേഷനില്‍ സംഘർഷാവസ്ഥയുണ്ടായി(Pathanamthitta Ranni forest Station).
പരിശോധനയില്‍ ഇന്ന് രാവിലെയും ചെടിക്ക് വെളളമൊഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അറിവോടയല്ലാതെ ഇവിടെ കഞ്ചാവ് വളർത്താനാകില്ലെന്നാണ് ഉയർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. സംഭവത്തില്‍ എരുമേലി റേഞ്ച് ഓഫീസർ ബി ആർ ജയന്‍റെ അന്വേഷണ റിപ്പോർട്ടും പുറത്തുവന്നു. കൃഷി ഫോറസ്‌റ്റ് ഉദ്യോഗസ്ഥരുടെ അറിവോടെയാണെന്ന് റിപ്പോർട്ടില്‍ പറയുന്നു.
പ്ലാച്ചേരി ഫോറസ്‌റ്റ് സ്‌റ്റേഷനിലെ റെസ്‌ക്യൂവർ അജേഷ്, ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ സാം കെ സാമുവല്‍ എന്നിവരാണ് കഞ്ചാവ് കൃഷി ചെയ്‌തത്. സംഭവം പുറത്തായതോടെ ഇവ നശിപ്പിക്കാൻ ശ്രമിച്ചെന്നും അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു. കഞ്ചാവ് വർത്തിയ ഗ്രോബാഗുകളുടെ അവശിഷ്‌ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
40 ഓളം കഞ്ചാവ് ചെടികളാണ് ഗ്രോ ബാഗുകളിലായി സ്‌റ്റേഷന് ചുറ്റും വളർത്തിയിരുന്നത്. എന്നാൽ അന്വേഷണത്തിൽ ചെടികൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ഇന്ന് ഒരു കഞ്ചാവ് ചെടി കണ്ടെത്തിയത്. ഗ്രോ ബാഗുകളുടെ അവശിഷ്‌ടങ്ങളിലും മറ്റും കഞ്ചാവ് വളർത്തിയതിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു. സംഭവം പുറത്തറിഞ്ഞപ്പോള്‍ ചെടി നശിപ്പിക്കപ്പെട്ടെന്നാണ് നിഗമനം. വിഷയത്തില്‍ എരുമേലി റേഞ്ച് ഫോറസ്‌റ്റ് ഓഫീസർ അന്വേഷണം നടത്തി കോട്ടയം ഡിഎഫ്‌ഒയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ചെടികള്‍ വളർത്തിയതിന്‍റെ ചിത്രങ്ങളാണ് റേഞ്ച് ഓഫീസർക്ക് ലഭിച്ചത്. ഈ മാസം 16നാണ് റിപ്പോർട്ട് സമർപ്പിച്ചത്. സ്‌റ്റേഷനിലെ വനിത ജീവനക്കാരടക്കം മറ്റ് വനപാലകർക്ക് വിവരം അറിയാമെന്നും റിപ്പോർട്ടില്‍ വ്യക്തമാണ്. ആറുമാസം മുൻപാണ് സംഭവം നടന്നത്. ഒമ്പത് ചെടികളുടെ ചിത്രം അന്നത്തെ എരുമേലി റെയ്ഞ്ച് ഓഫീസർക്ക് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഓഫീസർ അന്വേഷണം നടത്തുകയായിരുന്നു. 40 ഓളം കഞ്ചാവ് ചെടികൾ വളർത്തിയതായി അജേഷ് ഓഫീസർക്ക് മൊഴി നല്‍കി. കൂട്ടുകാരനാണ് തെെ നല്‍കിയതെന്നും അജേഷ് പറഞ്ഞു.
Also Read: പിടിച്ചത് 130 കിലോയോളം ; കൊടുങ്ങല്ലൂരിൽ പൊലീസിന്‍റെ വൻ കഞ്ചാവ് വേട്ട
മന്ത്രി റിപ്പോര്‍ട്ട് തേടി: ഫോറസ്‌റ്റ് സ്‌റ്റേഷന്‍ പരിസരത്ത് കഞ്ചാവ് വളര്‍ത്തിയ സംഭവത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ റിപ്പോര്‍ട്ട് തേടി. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അദ്ദേഹം പിസിസിഎഫിന് നിര്‍ദേശം നല്‍കി. ഇതിനിടെ റാന്നി പ്ലാച്ചേരി ഫോറസ്‌റ്റ് സ്‌റ്റേഷൻ പരിസരത്ത് കഞ്ചാവ് കൃഷി കണ്ടെത്തിയ സംഭവം റിപ്പോർട്ട് ചെയ്‌ത ഓഫീസറെ സ്ഥലം മാറ്റിയതായി പരാതി ഉയര്‍ന്നു. എരുമേലി റേഞ്ച് ഓഫീസർ ബി ആർ ജയനെയാണ് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. ഗ്രോ ബാഗില്‍ നട്ടുവളർത്തിയ നിലയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ അറിവോടെയാണ് ഇവിടെ കഞ്ചാവ് കൃഷി നടന്നതെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ട്.