പത്തനംതിട്ട: ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചര്‍ച്ച് പരമാധ്യക്ഷൻ മൊറാൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം തിരുവല്ല നിരണം സെൻ്റ് തോമസ് ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ചിൽ എത്തിച്ചു. പള്ളിക്കകത്ത് രണ്ടാം ഘട്ട പ്രാർഥനാ ചടങ്ങുകൾ തുടങ്ങി. സംസ്‌കാര ചടങ്ങുകൾ 21ന്നടക്കും.
വിലാപയാത്രയായാണ് ഭൗതിക ശരീരം കൊച്ചി വിമാനത്താവളത്തിൽനിന്ന് നിരണം സെൻ്റേ തോമസ് ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ചിൽ എത്തിച്ചത്. നാളെ രാവിലെ ഒൻപതുമുതൽ 21ന് രാവിലെ ഒൻപതുവരെ പൊതുദർശനം നടക്കും. തുടർന്ന് രാവിലെ 10 ന് വിലാപയാത്രയും 11ന് ശേഷം കബറടക്കവും നടക്കും. സഭയുടെ ചെന്നൈ അതിഭദ്രാസനാധിപൻ സാമുവേൽ മാർ തിയോഫിലോസിൻ്റെ നേതൃത്വത്തിലാകും കബറടക്ക ശുശ്രൂഷകൾ.
മേയ് ഏഴിന് അമേരിക്കയിൽ വച്ച് നടന്ന വാഹനാപകടമാണ് അദ്ദേഹത്തിന്‍റെ വിയോഗത്തിന് കാരണമായത്. പ്രഭാത നടത്തത്തിനിടെ വാഹനമിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിരുവല്ലയ്ക്കടുത്ത് അപ്പർകുട്ടനാട്ടിലെ നിരണത്ത് മാർത്തോമ്മ വിശ്വാസികളായ കടപ്പിലാരില്‍ വീട്ടില്‍ ചാക്കോ പുന്നൂസിന്‍റെ മകനായി 1950ലാണ് യോഹന്നാൻ ജനിച്ചത്. കൗമാരകാലത്ത് തന്നെ ബൈബിള്‍ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. പതിനാറാം വയസില്‍ 'ഓപ്പറേഷൻ മൊബിലൈസേഷൻ' എന്ന സംഘടനയുടെ ഭാഗമായി.
1974 ല്‍ അമേരിക്കയിലെ ഡാലസില്‍ ദൈവശാസ്ത്രപഠനത്തിന് ചേർന്നു. പിന്നീട് പാസ്റ്ററായി വൈദിക ജീവിതം. ഇതേ മേഖലയില്‍ സജീവമായിരുന്ന ജർമൻ സ്വദേശിനി ഗിസല്ലയെ വിവാഹം ചെയ്‌തു. 1978 ല്‍ ഭാര്യയുമായി ചേർന്ന് ഗോസ്‌പല്‍ ഫോർ ഏഷ്യ എന്ന സ്ഥാപനം തുടങ്ങി. നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കാൻ യോഹന്നാൻ തീരുമാനിക്കുകയായിരുന്നു.
2003 ല്‍ ബീലീവേഴ്‌സ് ചർച്ച് എന്ന സഭയ്ക്ക് രൂപം നല്‍കി. ചുരുങ്ങിയ ചെലവില്‍ സാധാരണക്കാർക്ക് ചികിത്സ ഉറപ്പാക്കാൻ തിരുവല്ലയില്‍ മെഡിക്കല്‍ കോളജും തുടങ്ങി. 2017 ല്‍ ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചർച്ച് എന്ന് പേര് മാറ്റി. കെ പി യോഹന്നാൻ സഭയുടെ പ്രഥമ മെത്രാപ്പൊലീത്തയുമായി.
ഇന്ത്യയിലെ ഏറ്റവും വലിയ ശിശു സംരക്ഷണ പദ്ധതികളിലൊന്നായ ബ്രിഡ്‌ജ് ഓഫ് ഹോപ് സ്ഥാപിക്കുന്നതില്‍ അദ്ദേഹം മുൻഗണന നല്‍കി. ക്രിസ്ത്യൻ ജീവിതത്തെക്കുറിച്ചും ദൗത്യങ്ങളെക്കുറിച്ചും 200 ലധികം പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്.
Also Read : ആലപ്പുഴയില്‍ നടുറോഡിൽ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് പിടിയിൽ ; അറസ്റ്റിലായത് ബാറില്‍ നിന്ന്