ഇടുക്കി: വെള്ളച്ചാട്ടങ്ങളുടെ നാടാണ് മാങ്കുളം. ചെറുതും വലുതുമായ നിരവധി ജലപാതങ്ങള്‍ മാങ്കുളത്തേക്കെത്തുന്ന സഞ്ചാരികളെ കാത്തിരിപ്പുണ്ട്. മഴക്കാലമാരംഭിച്ചതോടെ മാങ്കുളത്തെ ഈ വെള്ളച്ചാട്ടങ്ങളൊക്കെയും ജലസമൃദ്ധമായി കഴിഞ്ഞു. എത്ര കണ്ടാലും മതിയാവാത്ത മനോഹര കാഴ്‌ചകളാണ് ഈ വെള്ളച്ചാട്ടങ്ങള്‍ സമ്മാനിക്കുന്നത്.
മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം, പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടം, കൈനഗിരി വെള്ളച്ചാട്ടം, നക്ഷത്രകുത്ത്, കോഴിവാലന്‍കുത്ത്, ചിന്നാര്‍ കുത്ത് തുടങ്ങി കണ്ണും മനവും കുളിര്‍പ്പിക്കുന്ന ഒന്നിലധികം വെള്ളച്ചാട്ടങ്ങളുള്ള നാടാണ് മാങ്കുളം. പീച്ചാട് പിന്നിട്ട് മാങ്കുളത്തേക്കുള്ള യാത്ര ആരംഭിക്കും മുതല്‍ വെള്ളച്ചാട്ടങ്ങളുടെ ഈ മനോഹാരിത കണ്ടു തുടങ്ങും. കാട്ടാനകളും കാനന ഭംഗിയുമൊക്കെയുണ്ടെങ്കിലും പച്ചപ്പിന് നടുവില്‍ വെള്ളിവരകള്‍ തീര്‍ക്കുന്ന വെള്ളച്ചാട്ടങ്ങള്‍ തന്നെയാണ് മാങ്കുളത്തേക്ക് സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നത്.
മഴക്കാലമാരംഭിച്ചതോടെ മാങ്കുളത്തെ ഈ വെള്ളച്ചാട്ടങ്ങളൊക്കെയും ജലസമൃദ്ധമായി കഴിഞ്ഞു. എത്ര കണ്ടാലും മതിയാവാത്ത മനോഹര കാഴ്‌ചകളാണ് ഈ വെള്ളച്ചാട്ടങ്ങള്‍ സമ്മാനിക്കുന്നത്. വേനല്‍കാലത്ത് മാങ്കുളത്തേക്കെത്തുന്ന സഞ്ചാരികള്‍ ഈ വെള്ളച്ചാട്ടങ്ങളില്‍ ഇറങ്ങി കുളിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയുമൊക്കെ ചെയ്യും. എന്നാല്‍ മഴയാരംഭിച്ച് ജലപാതങ്ങള്‍ ജലസൗമൃദ്ധമായാല്‍ അകലെ നിന്നവ കണ്ടാസ്വദിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും മാത്രമെ തരമൊള്ളു.
പക്ഷെ കോടമഞ്ഞ് പുല്‍കുന്ന മാങ്കുളത്തിന്‍റെ താഴ്‌വരയില്‍ ഈ വെള്ളച്ചാട്ടങ്ങള്‍ കണ്ടെത്ര സമയം നിന്നാലും സഞ്ചാരികള്‍ക്ക് മതിയാവില്ല. വെള്ളച്ചാട്ടങ്ങള്‍ കണ്ട് മഴ നനഞ്ഞ് മണ്‍സൂണ്‍ ടൂറിസം ആസ്വദിക്കാന്‍ ധാരാളം സഞ്ചാരികളാണിപ്പോള്‍ മാങ്കുളത്തേക്കെത്തുന്നുണ്ട്.