ഇടുക്കി : മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും ഡോക്‌ടര്‍മാരുടെ കുറവ് പ്രതിസന്ധിയാകുന്നു. നിലവില്‍ ഉണ്ടായിരുന്ന ഡോക്‌ടറുടെ സേവനം ഇല്ലാതായതോടെയാണ് പ്രതിസന്ധി രൂപം കൊണ്ടിട്ടുള്ളത്. കുറെ നാളുകള്‍ക്ക് മുമ്പ് വരെ എന്‍എച്ച്എം ഡോക്‌ടറുടെ സേവനം കേന്ദ്രത്തില്‍ ലഭിച്ചിരുന്നു. പിന്നീട് അതും ഇല്ലാതായി സ്ഥിര ഡോക്‌ടര്‍മാര്‍ ഇല്ലാതായതോടെ മറ്റിടങ്ങളില്‍ നിന്നും വന്ന് പോകുന്ന താത്‌കാലിക ഡോക്‌ടര്‍മാരുടെ സേവനമാണ് കേന്ദ്രത്തില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.
കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം ഡോക്‌ടര്‍മാരുടെ കുറവ് മൂലം വീണ്ടും താളം തെറ്റിയതിനാൽ പ്രദേശത്തെ രോഗികൾ പ്രതിസന്ധിയിലാണ്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മറ്റിടങ്ങളില്‍ നിന്നും വന്ന് പോകുന്ന താത്‌കാലിക ഡോക്‌ടര്‍മാരുടെ സേവനമാണ് കേന്ദ്രത്തില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഇത് വലിയ പ്രതിഷേധത്തിന് ഇടവരുത്തുന്നു.
നിലവില്‍ ഉണ്ടായിരുന്ന അഡ് ഹോക്ക് ഡോക്‌ടറുടെ സേവനം കൂടി ഇല്ലാതായതോടെയാണ് സ്ഥിരമായി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്‌ടര്‍ ഇല്ലാത്ത സ്ഥിതിയായത്. പനിയുള്‍പ്പെടെ പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന സമയത്താണ് കേന്ദ്രത്തില്‍ ഡോക്‌ടര്‍മാരുടെ സേവനം വേണ്ട വിധം ലഭ്യമല്ലാത്ത സ്ഥിതിയുള്ളത്.
ചികിത്സ സംവിധാനങ്ങള്‍ കാര്യമായി ഇല്ലാത്ത മാങ്കുളത്ത് ആദിവാസി മേഖലകളില്‍ നിന്നുള്ള നിരവധി കുടുംബങ്ങളടക്കം ആശ്രയിക്കുന്ന ചികിത്സാലയമാണ് മാങ്കുളത്തെ കുടുംബാരോഗ്യ കേന്ദ്രം. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ച് ജീവനക്കാരുടെ കുറവ് പരിഹരിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം.