തിരുവനന്തപുരം : സുഹൃത്ത് ബന്ധം കൊണ്ടും നിർമിച്ച സിനിമകൾ കൊണ്ടും ആരും മറക്കാത്ത വ്യക്തിയാണ് ഗാന്ധിമതി ബാലനെന്ന് നടനും നിർമാതാവുമായ മണിയൻപിള്ള രാജു. ബാലൻ എന്തെങ്കിലും ഒരു കാര്യത്തിന് വരാൻ ചാൻസ് കുറവാണ്, പക്ഷെ വന്നാൽ അങ്ങേയറ്റത്തെ കൃത്യതയോടു കൂടിയേ അവസാനിപ്പിക്കൂവെന്നും ഗാന്ധിമതി ബാലന്‍റെ വിയോഗത്തിൽ മണിയൻപിള്ള രാജു അനുസ്‌മരിച്ചു.
തലസ്ഥാനത്ത് വലിയൊരു സുഹൃത്ത് വലയം അദ്ദേഹത്തിനുണ്ട്. ബാലന്‍റെ വിയോഗത്തിലൂടെ നമ്മുടെ നല്ലൊരു ശക്തി പോയി. ബാലന്‍റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് താൻ. അദ്ദേഹം തിരുവനന്തപുരത്തായിരുന്നപ്പോൾ ബാലചന്ദ്രമേനോൻ, വേണുനാഗവള്ളി എന്നിവർക്കൊപ്പമാണ് തന്നെ പരിചയപ്പെടുന്നത്. അങ്ങനെയാണ് സുഹൃത്തുക്കളാകുന്നതെന്നും മണിയൻപിള്ള രാജു പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിലേറെയായുള്ള ബന്ധമാണ് തനിക്ക് ഗാന്ധിമതി ബാലനുമായുള്ളതെന്ന് നിർമാതാവും ആർഎസ്‌പി നേതാവുമായ ഷിബു ബേബി ജോൺ പറഞ്ഞു. കേവലമൊരു നിർമാതാവെന്ന ചുരുക്കപ്പേരിൽ ഒതുങ്ങേണ്ട വ്യക്തിയല്ല അദ്ദേഹം. ബഹുമുഖ പ്രതിഭ തന്നെയാണ്. ഇനിയൊരു സിനിമ കൂടി നിർമിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നു. നിർമാണത്തിൽ നിന്ന് മാറിയെങ്കിലും സിനിമയുടെ ഓരോ ചലനങ്ങളും ആവർത്തിച്ച് പഠിച്ചുകൊണ്ടിരിക്കും. മലയാള സിനിമയ്‌ക്ക് അദ്ദേഹത്തെ വേണ്ടവിധം പ്രയോജനപ്പെടുത്താൻ സാധിച്ചില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
അതേസമയം തിരുവനന്തപുരം വഴുതക്കാട്ടെ ഫ്ലാറ്റിൽ പൊതുദർശനം തുടരുകയാണ്. കല, സാംസ്‌കാരിക, രാഷ്‌ട്രീയ രംഗത്തെ നിരവധി പേരാണ് ഗാന്ധിമതി ബാലന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നത്. സിനിമ മേഖലയിൽ നിന്ന് മണിയൻപിള്ള രാജു, രാജസേനൻ, ജഗദീഷ്, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി അടക്കമുള്ളവർ എത്തി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഷിബു ബേബി ജോൺ, വി എസ് ശിവകുമാർ, ബിനോയ് കോടിയേരി, മുരുകൻ കാട്ടാക്കട അടക്കമുള്ളവരും എത്തി.
ഇന്ന് ഉച്ചയ്‌ക്ക് 2.30 മുതൽ 4.30 വരെ അയ്യൻകാളി ഹാളിൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് വൈകിട്ട് 5 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ മൃതദേഹം സംസ്‌കരിക്കും. കരളിലെ കാൻസർ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ (ഏപ്രിൽ 10) ആയിരുന്നു ഗാന്ധിമതി ബാലന്‍റെ അന്ത്യം.
ഇതുവരെ മുപ്പതോളം സിനിമകളുടെ നിർമാണവും വിതരണവും ഗാന്ധിമതി ബാലൻ നിർവഹിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനുമായിരുന്ന ഇദ്ദേഹം 2015 നാഷണൽ ഗെയിംസ് ചീഫ് ഓർഗനൈസറുമായിരുന്നു. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിൽ പലതും നിർമിച്ചത് ഗാന്ധിമതി ബാലനാണ്.
ALSO READ: ഗാന്ധിമതി ബാലൻ വിടവാങ്ങി; യാത്രയായത് നിരവധി ക്ലാസിക് സിനിമകളുടെ നിർമാതാവ്