പത്തനംതിട്ട: കത്തുന്ന വേനൽ ചൂടിൽ തേക്ക് മരത്തിന്‍റെ ശിഖരങ്ങൾ വെട്ടാൻ കയറിയ തൊഴിലാളി മരത്തിനു മുകളിൽ വച്ച് ശാരീരിക അവശത ഉണ്ടായതിനെ തുടർന്ന് മരിച്ചു. കൊടുമൺ ചിരണിക്കൽ പുതുമല, കാഞ്ഞിരവിള വടക്കേതിൽ ആർ രാജൻ (61) ആണ് മരിച്ചത്.
കോൺഗ്രസ് അടൂർ ബ്ലോക്ക് പ്രസിഡന്‍റായ എസ് ബിനുവിന്‍റെ പറക്കോട് ഉള്ള വീട്ടിൽ നിന്ന തേക്കുമരത്തിന്‍റെ ശിഖരങ്ങൾ വെട്ടുന്നതിനായി കയറിയ രാജൻ മരത്തിൽ കുടുങ്ങുകയായിരുന്നു. മരത്തിന് മുകളിൽ നിന്ന രാജൻ അവശനാകുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബിനു മരത്തിലേക്ക് കയറി രാജനെ താങ്ങി നിർത്തി വിവരം അടൂർ ഫയർ ഫോഴ്‌സിൽ അറിയിച്ചു.
ഫയർഫോഴ്‌സ് സംഘം എത്തി രാജനെ താഴെ ഇറക്കി സിപിആർ നൽകിയെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ല. ഉടൻ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.
സൂര്യാഘാത ലക്ഷണങ്ങൾ പുറമെ കാണാൻ കഴിഞ്ഞിട്ടില്ലെന്നും പോസ്‌റ്റ്‌മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ALSO READ: കഞ്ഞിക്കുഴിയിൽ തെങ്ങിന് മുകളിൽ കുടുങ്ങിയ വയോധികൻ മരിച്ചു