കോഴിക്കോട് : ബേപ്പൂരിൽ ഒരാൾക്ക് മൂന്ന് വോട്ടർ ഐ ഡി കാർഡ് ലഭിച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പേരിലുള്ള നടപടി വൈകുന്നതായി ആക്ഷേപം (man got three voter id at a time Kozhikode). ഇത് സംബന്ധിച്ച് ജീവനക്കാരുടെ പ്രതിഷേധം കണക്കിലെടുത്താണ് നടപടി വൈകുന്നത് എന്നാണ് ലഭിക്കുന്ന സൂചന (man got three ID proof). സംഭവത്തിൽ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഇലക്‌ടറല്‍ ഓഫിസർ സഞ്ജയ് കൗൾ ചൊവ്വാഴ്‌ച കോഴിക്കോട് ജില്ല കലക്‌ടർക്ക് നിർദേശം നൽകിയിരുന്നു.
എന്നാല്‍ ഇതിന്‍മേല്‍ തുടര്‍നടപടികള്‍ ഒന്നും തന്നെയുണ്ടായിട്ടില്ല. ഇലക്‌ടറല്‍ രജിസ്ട്രേഷൻ ഓഫിസർ, ബൂത്ത് ലെവൽ ഓഫിസർ എന്നിവരെ സസ്പെൻഡ് ചെയ്യണം എന്നാണ് കലക്‌ടർക്ക് ലഭിച്ചിരുന്ന നിർദേശം. കോഴിക്കോട് ബേപ്പൂർ സ്വദേശിയായ ഷാഹുൽ ഹമീദിനാണ് മൂന്ന് തിരിച്ചറിയൽ കാർഡ് ലഭിച്ചത്. ബൂത്ത് ലെവൽ ഓഫിസർ അംഗീകരിക്കുന്ന അപേക്ഷ അനുവദിക്കുകയാണ് സാധാരണ ഉദ്യോഗസ്ഥർ ചെയ്യുന്നത്.
ഷാഹുൽ ഹമീദിന്‍റെ അപേക്ഷയും ബൂത്ത് ലെവൽ ഓഫിസർ അംഗീകരിച്ചതിനാൽ മറ്റ് ഉദ്യോഗസ്ഥർക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നാണ് തെരഞ്ഞെടുപ്പ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ വാദം. നടപടി നീക്കത്തിൽ ഉദ്യോഗസ്ഥർ കലക്‌ടറെ പ്രതിഷേധം അറിയിക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് നടപടി വൈകുന്നത് എന്നാണ് സൂചന.