കോഴിക്കോട് : പിക്കപ്പ് വാൻ മരത്തിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. കാരശ്ശേരിക്കു സമീപം വല്ലത്തായിപാറ ഒളോറമ്മൽ മുഹമ്മദ് ഇഷാൻ (20) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ അഞ്ചുമണിയോടെ ചാത്തമംഗലത്താണ് അപകടം നടന്നത്. കുന്ദമംഗലം ഭാഗത്ത് നിന്നും കോഴിയുമായി മുക്കം ഭാഗത്തേക്ക് വന്ന പിക്കപ്പ് വാൻ ചാത്തമംഗലം പന്ത്രണ്ടാം മൈലിൽ വച്ച് നിയന്ത്രണംവിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു (Man Dies After Pickup Van Crashes Into Tree In Chathamangalam).
ഇടിയുടെ ആഘാതത്തിൽ വാനിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. വാഹനത്തിന് അകത്ത് ഡ്രൈവർ ഉൾപ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ശബ്‌ദം കേട്ട് ഓടിയെത്തിയ പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മുക്കം ഫയർ സർവീസ് ആണ് വാഹനത്തിന് അകത്ത് കുടുങ്ങിയവരെ പുറത്തെത്തിച്ചത്.
ALSO READ: ബൈക്ക് ഇലക്‌ട്രിക് പോസ്‌റ്റിൽ ഇടിച്ച് തീപടര്‍ന്നു; 2 മരണം
തുടർന്ന് പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡ്രൈവർ മരിക്കുകയായിരുന്നു. വള്ളത്തായി പാറ സ്വദേശിയായ വാഹനത്തിൻ്റെ ക്ലീനർ ജമാലിൻ ആണ് അപകടത്തിൽ പരിക്കേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലന്നാണ് പ്രാഥമിക വിവരം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.