കൊല്ലം: പള്ളിമുക്കില്‍ കഞ്ചാവ് വില്‍പ്പന നടത്തിയയാള്‍ എക്‌സൈസിന്‍റെ പിടിയില്‍. മത്സ്യ വ്യാപാരിയായ റിയാസാണ് (39) പിടിയിലായത്. 100 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് പാക്കറ്റുകള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു.
പള്ളിമുക്ക് ചന്ത കേന്ദ്രീകരിച്ച് കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന് എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഞ്ചാവ് 100 ഗ്രാമിന്‍റെ ചെറിയ പൊതികളാക്കിയാണ് ഇയാള്‍ വില്‍പ്പനയ്‌ക്കെത്തിച്ചത്.
മഫ്‌തിയില്‍ എത്തിയാണ് എക്‌സൈസ് സംഘം റിയാസിനെ പിടികൂടിയത്. എക്‌സൈസ് സംഘം അടുത്തെത്തിയെന്ന് മനസിലാക്കിയ ഇയാള്‍ കൈവശമുണ്ടായിരുന്ന കഞ്ചാവ് പൊതികള്‍ വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ ഇരുചക്ര വാഹനത്തില്‍ എക്‌സൈസ് സംഘം പ്രതിയെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. എക്സൈസസ് ഇൻസ്പെക്‌ടർ ടിആര്‍. മുകേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ആൻ്റി നർക്കോട്ടിക് സ്ക്വാഡാണ് റിയാസിനെ പിടികൂടിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.