കോഴിക്കോട്: കൊടുവള്ളിക്ക് സമീപം എളേറ്റിൽ വട്ടോളിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. ആവിലോറ പാറക്കൽ മുഹമ്മദ് ആപ്പുവിനെയാണ് (43) കൊടുവള്ളി പൊലീസ് ബെംഗളുരുവിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടിയത്. എളേറ്റിൽ വട്ടോളിയിലെ വ്യാപാരിയായ മുഹമ്മദ് ജസീമിനെ ആപ്പുവും കൂട്ടാളികളും തട്ടിക്കൊണ്ടുപോയി മർദിച്ചു എന്നാണ് പരാതി.
2023 ഡിസംബർ 12 ന് ഉച്ചയോടെയാണ് മൂന്നംഗസംഘം മുഹമ്മദ് ജസീമിനെ കടയിൽ നിന്ന് വിളിച്ചിറക്കി കാറിൽ കയറ്റി കൊണ്ടുപോയത്. പിന്നീട് ഇയാളെ മണ്ണിൽ കടവിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ക്രൂരമായി മർദിച്ച് റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. ഈ കേസിൽ നേരത്തെ കിഴക്കോത്ത് ആവിലോറ പാറക്കൽ അബ്‌ദുൽ റസാഖ് സക്കറിയ, റിയാസ്, മതുകൂട്ടികയിൽ നാസി എന്ന അബ്‌ദുൽ നാസർ എന്നിവർ അറസ്റ്റിൽ ആയിരുന്നു.
എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും പ്രധാന പ്രതി ആപ്പുവിനെ പിടികൂടാൻ സാധിച്ചിരുന്നില്ല. അതിനിടയിലാണ് ആപ്പു ബെംഗളുരുവിൽ ഒളിവിൽ താമസിക്കുന്നതായി പൊലീസിനെ രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് കൊടുവള്ളി ഇൻസ്പെക്‌ടർ സി ഷാജുവിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
എസ്ഐ ജിയോ സദാനന്ദൻ, എഎസ്ഐ കെ വി ശ്രീജിത്ത്, സിപിഒ മാരായ ഷെഫീഖ് നീലിയാനിക്കൽ, വിപിൻ സാഗർ, സത്യരാജ് എന്നിവരുടെ നേതൃത്വത്തിലാണ് ആപ്പുവിനെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും.
ALSO READ: കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കം; കെഎസ്ഇബി ജീവനക്കാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം