പത്തനംതിട്ട: അടൂർ ആനന്ദപ്പള്ളിയിലെ ബിഎസ്എൻഎൽ ടവർ റൂമിൽ സ്ഥാപിച്ചിരുന്ന ലക്ഷങ്ങൾ വില വരുന്ന ഒപ്റ്റിക്കൽ ലൈൻ ടെർമിനലും മൊഡ്യൂളുകളും ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുകളും മോഷ്‌ടിച്ച കേസിൽ ഒരാളെ അടൂർ പൊലീസ് പിടികൂടി. അടൂർ പന്നിവിഴ ആനന്ദപ്പള്ളി കൈമലപുത്തൻവീട്ടിൽ സതീഷ് കുമാർ (39) ആണ് അറസ്റ്റിലായത്. ബിഎസ്എൻഎൽ അടൂർ ഡിവിഷൻ പരിധിയിൽ ഒപ്റ്റിക്കൽ ഇൻ്റർനെറ്റ് സേവനം നൽകുന്നതിന് കരാർ എടുത്തിട്ടുള്ള സിഗ്നൽ കമ്പനിയുടെ ഉപകരണങ്ങളാണ് ഏപ്രിൽ 14-ന് മോഷ്‌ടിക്കപ്പെട്ടത്.
ഇൻ്റർനെറ്റ് കണക്ഷൻ നൽകുന്നതിനുള്ള ഈ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന ആനന്ദപ്പള്ളി ബിഎസ്‌എൻഎൽ ടവർ റൂമിൻ്റെ പൂട്ട് പൊളിച്ച് അതിക്രമിച്ച് കയറി ഒപ്റ്റിക്കൽ ലൈൻ ടെർമിനൽ അതിൽ ഘടിപ്പിച്ചിരുന്ന എട്ട് മൊഡ്യൂളുകൾ, 5000 മീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ എന്നിവ പ്രതി മോഷ്‌ടിച്ച് കടത്തുകയായിരുന്നു. കമ്പനിക്ക് രണ്ടുലക്ഷത്തിലേറെ രൂപയുടെ നഷ്‌ടം സംഭവിച്ചു.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റർ ചെയ്‌ത് അടൂർ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങളും ഫോൺ കോളുകളും ജില്ലാ പൊലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ പരിശോധിച്ചു. ഈ മേഖലയിൽ ബിസിനസ് നടത്തുന്ന ആളുകളെയും തൊഴിലാളികളെയും ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.
Also Read: വീടിൻ്റെ വാതിൽ തകർത്ത് വൻമോഷണം; 35 പവൻ സ്വർണവും 4000 രൂപയും കവർന്നു
മോഷണ വസ്‌തുക്കൾ ഇയാളിൽ നിന്നും കണ്ടെടുത്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായി ചോദ്യം ചെയ്‌താൽ മാത്രമേ മോഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്ന് ജില്ലാ പൊലീസ് മേധാവി വി അജിത് അറിയിച്ചു.