തിരുവനന്തപുരം: താക്കോല്‍ മരത്തിന്‍റെ മുകളിലെന്ന് ഫയര്‍ഫോഴ്‌സിന് വ്യാജ സന്ദേശമയച്ച യുവാവിനെ അറസ്റ്റ് ചെയ്‌തു. തിരുവനന്തപുരം ഫയര്‍ ഫോഴ്‌സ് യൂണിറ്റില്‍ ജൂണ്‍ 20നായിരുന്നു രതീശ് (35) തന്‍റെ താക്കോല്‍ കൂട്ടം മാനവീയം വീഥിയില്‍ മരത്തിന്‍റെ മുകളില്‍ നഷ്‌ടപ്പെട്ടെന്നു പറഞ്ഞ് ഫയര്‍ഫോഴ്‌സിന്‍റെ സേവനം തേടിയത്. രാത്രി 11.48 ന് ഫയര്‍ ഫോഴ്‌സ് യൂണിറ്റ് സ്ഥലത്ത് എത്തി മരത്തിന്‍റെ മുകളിലേക്ക് വലിയ കമ്പ് ഉപയോഗിച്ച് താക്കോലിനായി തെരച്ചില്‍ ആരംഭിച്ചു.
നൈറ്റ് വിഷന്‍ സംവിധാനവുമായി സ്ഥലത്ത് എത്തിയ ഫയര്‍ ഫോഴ്‌സ് സംഘത്തെ കണ്ട് രതീഷ് കൈയ്യടിക്കുകയായിരുന്നു. തുടര്‍ന്ന് കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയതോടെ ഫയര്‍ഫോഴ്‌സ് സംഘം മാനവീയം വീഥിയിലെ പൊലീസ് എയ്‌ഡ് പോസ്റ്റിനെ സമീപിച്ചു.
എയിഡ് പോസ്റ്റില്‍ നിന്നും വിവരമറിയിച്ചതോടെ മ്യൂസിയം പൊലീസ് സ്ഥലത്ത് എത്തി രതീശിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ കേരള പൊലീസ് ആക്‌ട് 118 ബി വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഫയര്‍ ഫോഴ്‌സ് ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ക്ക് വ്യാജ സന്ദേശമയച്ച കുറ്റം ചുമത്തിയാണ് കേസ്.
10,000 രൂപ പിഴയോ 3 വര്‍ഷം വരെ തടവോ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയതെന്നു മ്യൂസിയം പൊലീസ് അറിയിച്ചു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നും പൊലീസ് പറഞ്ഞു.
ALSO READ: സുരേഷ് ഗോപിയെ പിന്തുണച്ചെന്ന വാര്‍ത്ത വ്യാജം; പരാതി നല്‍കി രാജാ മാട്ടുകാരന്‍