കോഴിക്കോട് : രാത്രി നഗരമധ്യത്തില്‍വച്ച് യുവതിക്ക് നേരെ ആക്രമണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. കോഴിക്കോട് നടുവട്ടം സ്വദേശി ഉലാമുപറമ്പ് വീട്ടില്‍ മുഹമ്മദാലി എന്ന ബാബു (40) ആണ് പിടിയിലായത്. നടക്കാവ് എസ്.ഐ ലീല വേലായുധൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
മെയ് 19ാം തീയതി രാത്രി 10.30 ഓടെയാണ് കേസിനാസ്‌പദമായ സംഭവം. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് കെഎസ്ആര്‍ടിസി ബസില്‍ വരുന്ന ഭര്‍ത്താവിനെ കാത്ത് മാവൂര്‍ റോഡ് ജംഗ്ഷന് സമീപം നില്‍ക്കുകകയായിരുന്ന യുവതിയോട്, ബൈക്കിലെത്തിയ മുഹമ്മദാലി പുറകില്‍ കയറാന്‍ ആവശ്യപ്പെടുകയും പ്രതികരിക്കാതെ മാറി നിന്ന യുവതിയെ ഇയാള്‍ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. ഇതിനിടയില്‍ പ്രതിയുടെ ടീഷര്‍ട്ടിലും ബൈക്കിലും പിടിച്ച യുവതിയെ ഇയാള്‍ റോഡിലൂടെ വലിച്ചിഴച്ച് സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞു.
പിന്നീട് ഭര്‍ത്താവെത്തിയ ശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നടക്കാവ് പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചെങ്കിലും സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖം വ്യക്‌തമായിരുന്നില്ല. എന്നാല്‍ മഞ്ഞ ബൈക്കിലാണ് എത്തിയതെന്ന യുവതിയുടെ മൊഴി നിര്‍ണായകമായി. ഈ നിഗമനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദാലി പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.