പത്തനംതിട്ട : കുവൈറ്റിലെ അബ്ബാസിയയിലെ താമസ സ്ഥലത്ത് ഉണ്ടായ തീപിടിത്തത്തില്‍ മരിച്ച നാലംഗ മലയാളി കുടുംബത്തിൻ്റെ മൃതദേഹങ്ങൾ ഇന്ന് (ജൂലൈ 22) നാട്ടിൽ എത്തിക്കും.തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുഴക്കല്‍, ഭാര്യ ലിനി എബ്രഹാം മക്കളായ ഐസക്, ഐറിൻ എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിക്കുക.
ഇന്ന് രാവിലെ എട്ടു മണിയോടുകൂടി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി തിരുവല്ല മെഡിക്കല്‍ മിഷൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ബുധനാഴ്‌ച (ജൂലൈ 24) വൈകുന്നേരം നീരേറ്റുപുറത്തെ വീട്ടില്‍ പൊതുദർശനം ഉണ്ടാകും. സംസ്‌കാര ചടങ്ങ് തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളിയില്‍ വ്യാഴാഴ്‌ച നടക്കും.
കഴിഞ്ഞ വെള്ളിയാഴ്‌ച (ജൂലൈ 19) വൈകിട്ടാണ് അബ്ബാസിയയില്‍ മാത്യുവും കുടുംബവും താമസിച്ചിരുന്ന ഫ്ലാറ്റിലെ എസിയില്‍ അഗ്നിബാധ ഉണ്ടായത്. ഇതിൽ നിന്നുയർന്ന വിഷപ്പുക ശ്വസിച്ചാണ് കുടുംബത്തിലെ നാലുപേരും മരിച്ചത്. ഒരു മാസത്തെ അവധിക്ക് നാട്ടിലായിരുന്ന കുടുംബം കഴിഞ്ഞ വെള്ളിയാഴ്‌ച വൈകിട്ടാണ് കുവൈറ്റില്‍ തിരിച്ചെത്തിയത്. താമസ സ്ഥലത്തെത്തി ഏതാനും മണിക്കൂറുകൾക്കകമാണ് ദാരുണ സംഭവം ഉണ്ടായത്.