എറണാകുളം: ഡിഗ്രിക്ക് പഠിക്കുന്ന കാലഘട്ടത്തിൽ കേരള യൂണിവേഴ്‌സിറ്റി കലാപ്രതിഭ ആയതിനെ തുടർന്നാണ് ശ്രീ ബാലചന്ദ്രമേനോൻ 'അച്ചുവേട്ടന്‍റെ വീട്' എന്ന ചിത്രത്തിലേക്ക് തന്നെ ഒരു വേഷം ചെയ്യാനായി ക്ഷണിക്കുന്നത്. എന്‍റെ സിനിമ ജീവിതം അവിടെ ആരംഭിച്ചു. ഇടിവി ഭാരതിനോട് മലയാളികളുടെ പ്രിയതാരം ജോബി സംസാരിച്ചു തുടങ്ങി.
ആ കാലഘട്ടങ്ങളിൽ യൂണിവേഴ്‌സിറ്റി കലാപ്രതിഭ ആവുക എന്നാൽ വലിയ വാർത്ത പ്രാധാന്യമുള്ള സംഗതിയാണ്. പത്രങ്ങളിലൊക്കെ എന്‍റെ ഫോട്ടോ അച്ചടിച്ചു വന്നു. എന്നെപ്പോലെ പൊക്കം കുറഞ്ഞ ഒരാൾ കലാപ്രതിഭ ആയാൽ വാർത്ത പ്രാധാന്യം പിന്നെ രണ്ടിരട്ടിയാണ്. ഇപ്പോഴും ഓർക്കുന്നു മിക്ക പത്രങ്ങളുടെയും ആദ്യ പേജിൽ വലിയ വാർത്തയായിട്ടാണ് ഞാൻ നിറഞ്ഞുനിന്നത്.
അച്ചുവേട്ടന്‍റെ വീട് എന്ന സിനിമയിൽ കുളിക്കുന്ന ഒരു രംഗത്തിലാണ് ആദ്യം അഭിനയിച്ചത്. കോമ്പിനേഷൻ മഹാനടൻ നെടുമുടി വേണുവിനൊപ്പം. സിനിമയിൽ നെടുമുടി വേണുവിന് രണ്ട് പെൺമക്കളാണ്.
ആ വീട്ടിൽ തൊട്ടപ്പുറത്തെ മെൻസ് ഹോസ്റ്റലിൽ താമസിക്കുന്ന തന്‍റെ കഥാപാത്രം വെള്ളമില്ലാത്തതുകൊണ്ട് മതിലുചാടി എത്തി കിണറ്റിൽ നിന്നും വെള്ളം കോരി കുളിക്കുന്നു. ആ പ്രവർത്തിക്ക് നെടുമുടി വേണുവിന്‍റെ കഥാപാത്രം തന്നെ വിരട്ടുന്നതാണ് സീൻ.
ആദ്യ ഷോട്ട് കുളിക്കുന്നതായിരുന്നു. അപ്പോൾ ബാലചന്ദ്രമേനോൻ പറഞ്ഞ വാക്കുകളാണ് നിന്നെ മലയാള സിനിമയിലേക്ക് കുളിപ്പിച്ചു കയറ്റുകയാണെന്ന്. പിൽക്കാലത്ത് വളരെ പ്രശസ്‌തമായ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ ആകെ ചർച്ചയാകുന്നുണ്ട്.
നെടുമുടി വേണു തന്നെ എടുത്തു കൊണ്ട് നിൽക്കുന്ന ഒരു ചിത്രമാണിത്. സത്യത്തിൽ ആ ചിത്രം ഒരു സിനിമയിലെയും ചിത്രമല്ല. താൻ കലാപ്രതിഭ ആകുന്ന സമയത്ത് അദ്ദേഹം എന്നെ കാണാൻ വരികയും തുടർന്ന് എനിക്കൊപ്പം പോസ് ചെയ്യുകയും ചെയ്‌ത ഒരു ചിത്രമാണത്.
ദൂരദർശൻ തന്നിലെ കലാകാരനെ കൂടുതൽ വളർത്തുന്നതിന് സഹായിച്ചിട്ടുണ്ട്. അക്കാലത്ത് പരിപാടികൾ ആസ്വദിക്കാൻ ദൂരദർശൻ മാത്രമുള്ളതുകൊണ്ട് അതിലെ പരിപാടികളും കഥാപാത്രങ്ങളും ഒക്കെ ജനപ്രിയമായിരുന്നു. പ്രത്യേകിച്ചും 'പമ്പരം' എന്ന സീരിയൽ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രത്തെ സമ്മാനിച്ച കലാസൃഷ്‌ടിയാണ്.
പൊക്കമില്ലായ്‌മ കൊണ്ട് എവിടെയും എനിക്കൊരു ബുദ്ധിമുട്ടുണ്ടായതായി തോന്നിയിട്ടില്ല. ആദ്യ സിനിമയിൽ ബാലചന്ദ്രമേനോൻ മികച്ച ഒരു കഥാപാത്രത്തെ സമ്മാനിച്ചതുകൊണ്ട് അക്കാലത്ത് പൊക്കമില്ലാത്ത കഥാപാത്രങ്ങൾ ചെയ്‌തിരുന്ന കോമഡി റോളുകളിലേക്ക് പിന്നെ ആരും എന്നെ പരിഗണിച്ചില്ല. മാത്രമല്ല ആത്മവിശ്വാസമുള്ള വാക്കുകളും പ്രവർത്തികളുമായി എല്ലാവരുടെയും ഒരു ശ്രദ്ധ പിടിച്ചു പറ്റാൻ എപ്പോഴും എനിക്ക് ആയിട്ടുണ്ട്.
പൊക്കമില്ലായ്‌മയാണ് എന്‍റെ പൊക്കം എന്ന് കുഞ്ഞുണ്ണി മാഷ് പാടിയത് പോലെ കലാ മേഖലയിലുള്ള ഒരുപാട് പൊക്കമില്ലാത്തവർക്ക് ഞാൻ വഴികാട്ടിയായിട്ടുണ്ട്. മികച്ച വേഷങ്ങൾ അത്തരത്തിലുള്ളവരെ തേടിയെത്തുന്നതിന് ഞാനൊരു തുടക്കമായിരുന്നു എന്ന് വേണമെങ്കിൽ പറയാം.
കെഎസ്എഫ്ഇയിൽ സീനിയർ മാനേജർ ആയിട്ടായിരുന്നു വിരമിച്ചത്. ജോലി കലാ മേഖലയിൽ ഒരുപാട് ഉയരുന്നതിന് തടസം സൃഷ്‌ടിച്ചു. കെഎസ്എഫ്ഇ പോലൊരു സ്ഥാപനത്തെ ഉത്തരവാദിത്വത്തോട് കൂടി മുന്നോട്ടു നയിക്കുന്നതിന് ഒരുപാട് കടമ്പകൾ ഉണ്ട്. ഒഴിഞ്ഞുമാറി നിൽക്കാൻ ഒരിക്കലും ആകില്ല.
ജോലിയിൽ നിന്ന് വിരമിച്ച ശേഷം മുഴുവൻ സമയ കലാപ്രവർത്തനങ്ങൾക്ക് താല്‍പര്യമില്ല. എനിക്ക് രണ്ട് മക്കളാണ്. മൂത്തയാൾ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു. രണ്ടാമത്തെ കുഞ്ഞിന് ഓട്ടിസം ആണ്. അങ്ങനെയുള്ള ഒരു കുഞ്ഞിന്‍റെ അച്ഛൻ എന്ന മാനസികാവസ്ഥ നിങ്ങൾക്കൊക്കെ ഊഹിക്കാമല്ലോ. അതുകൊണ്ടുതന്നെ ഓട്ടിസം ബാധിക്കപ്പെട്ടവർക്ക് ചേക്കേറാനൊരു തണൽ ഒരുക്കുകയാണ് ലക്ഷ്യം. ലക്ഷ്യം അതിന്‍റെ പൂർണ്ണതയിൽ എത്തിച്ചേർന്നു.
ഒരുമാസത്തിനുള്ളിൽ ഷെൽട്ടർ പ്രവർത്തനമാരംഭിക്കും. ഒരുപാട് പേരെ ഒന്നും സഹായിക്കാൻ സാധിച്ചില്ലെങ്കിലും ഒരു 10 പേരെ എങ്കിലും എന്നെക്കൊണ്ടാവുന്ന തരത്തിൽ സഹായിക്കണം. ഓട്ടിസം ബാധിക്കപ്പെട്ടവരുടെ കഴിവുകൾ മനസിലാക്കി അവർക്ക് പുതിയ ജീവിതം ഉണ്ടാക്കി കൊടുക്കുവാനുള്ള ശ്രമങ്ങൾ തുടരണം. ചില്ല എന്ന സംഘടനയുടെ ഭാരവാഹി കൂടിയാണ് ഞാൻ. ഇനി ഇങ്ങനെ സന്തോഷകരമായി ജീവിക്കണം എന്നാണ് ഉദ്ദേശം.
ALSO READ: 'ആ നിർബന്ധം അഹങ്കാരമല്ല, അഭിനയമേ വേണ്ടെന്ന് തീരുമാനിച്ച സമയമുണ്ടായിരുന്നു'; പാർവതി പറയുന്നു