കോഴിക്കോട് : ഇരമ്പിയാർക്കുന്ന ചാലിപ്പുഴയുടെ ഓളപ്പരപ്പുകളെ കീറിമുറിച്ച് കയാക്കർമാർ വർദ്ധിത വീര്യത്തോടെ തുഴയെറിഞ്ഞപ്പോൾ ചാലിപ്പുഴയുടെ ഇരു കരകളിലും എത്തിയ കയാക്കിങ് പ്രേമികൾക്ക്ആവേശം അലതല്ലി. മലബാർ റിവർ ഫെസ്റ്റിവലിന്‍റെ ഭാഗമായി നടന്ന വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങളുടെ ഉദ്ഘാടന ദിവസത്തെ മൽസര ഇനങ്ങളാണ്.
കാഴ്ച്ചക്കാരായെത്തിയവർക്ക് ആവേശമായത്. കോടഞ്ചേരി പുലിക്കയത്ത് വച്ചാണ് പത്താമത് റിവർ ഫെസ്റ്റിവലിൻ്റെ പ്രധാന കയാക്കിങ് മത്സരങ്ങൾ നടന്നത്. കനത്ത മഴയിൽ കുലംകുത്തി ഒഴുകുന്ന ചാലിപ്പുഴയിൽ പതിമൂന്ന് വിദേശരാജ്യങ്ങളിൽ നിന്നെത്തിയ കായാക്കർമാരും
വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കയാക്കർമാരും മാറ്റുരച്ചു.
നിരവധി പേരാണ് കയാക്കിങ് മത്സരങ്ങൾ കാണുന്നതിന് ചാലിപ്പുഴയുടെ ഇരുകരകളിലും എത്തിയത്. ടെലിവിഷനിലൂടെ മറ്റു രാജ്യങ്ങളിൽ നടക്കുന്ന കയാക്കിങ് മത്സരങ്ങൾ കണ്ടവർക്ക് ആദ്യമായി കയാക്കിങ് മത്സരങ്ങൾ നേരിട്ട് കണ്ടപ്പോൾ ആശ്ചര്യമായി.
രാവിലെ നടന്ന ചടങ്ങിൽ പത്താമത് വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങൾ കോഴിക്കോട് ജില്ല കലക്‌ടർ സ്നേഹിൽ കുമാർ സിങ് ഫ്ലാഗോഫ് ചെയ്‌തു കൊണ്ട് ഉദ്ഘാടനം ചെയ്‌തു. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഞായറാഴ്‌ച വൈകുന്നേരം ഇലന്തുകടവിൽ നടക്കുന്ന ചടങ്ങോടെ മലബാർ റിവർ ഫെസ്റ്റിവൽ സമാപിക്കും.