കോഴിക്കോട് : ചെറുവണ്ണൂർ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഓഫിസിൻ്റെ പൂട്ട് പൊളിച്ച് കവർച്ച നടത്തിയ സംഘത്തിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ. മലപ്പുറം ചേലേമ്പ്ര പെരുന്നേരി തോട്ടുങ്ങൽ മുഹമ്മദ് മുസ്‌താഖ് (28)ആണ് പിടിയിലായത്. ജില്ല പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ്, നല്ലളം പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കോഴിക്കോട് നിന്ന് പിടിയിലായത്. ഇയാളിൽ നിന്ന് കവർച്ച ചെയ്‌ത മുതലുകൾ കണ്ടെടുത്തു.
ഓണാവധിക്കാലത്ത് ഓഫിസിൻ്റെ പൂട്ട് തകർത്ത് ഒൻപത് ലാപ്ടോപ്പുകളും ആറ് മൊബൈൽ ഫോണുകളും ഒരു ക്യാമറയുമാണ് സംഘം കവർന്നത്. ഓണാവധി കഴിഞ്ഞ് ഓഫിസ് ജീവനക്കാർ എത്തിയപ്പോൾ മോഷണ വിവരം അറിയുകയായിരുന്നു. തുടർന്ന് പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.