മഹാരാഷ്‌ട്ര : മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട എടിഎസ് തലവന്‍ ഹേമന്ത് കർക്കരെയെ വെടിവെച്ചത് ആർഎസ്എസ് അനുകൂലിയായ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് മഹാരാഷ്‌ട്ര പ്രതിപക്ഷ നേതാവ് വിജയ് വഡെറ്റിവാർ. ഹേമന്ത് കർക്കരെയുടെ ദേഹത്ത് തുളച്ചു കയറിയ ബുള്ളറ്റ് അജ്‌മല്‍ കസബിന്‍റെ തോക്കിൽ നിന്നല്ല, ആർഎസ്എസ് അനുകൂല പൊലീസ് ഉദ്യോഗസ്ഥന്‍റെ തോക്കിൽ നിന്നാണ് എന്നാണ് പ്രതിപക്ഷ നേതാവിന്‍റെ പരാമര്‍ശം.
എന്നാൽ തെളിവുകൾ കോടതിയിൽ മറച്ചുവെച്ചുവെന്നും ആ തെളിവുകൾ മറച്ചുവെച്ചവര്‍ രാജ്യദ്രോഹികളാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അത്തരമൊരു രാജ്യദ്രോഹിക്കാണ് ബിജെപി ടിക്കറ്റ് നൽകിയതെന്നും വഡേട്ടിവാർ ആരോപിച്ചു. ഇന്ന് കോലാപ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഹേമന്ത് കർക്കരെയുടെ ശരീരത്തിൽ പ്രവേശിച്ച വെടിയുണ്ട ഭീകരരുടേതല്ലെന്ന് എസ് എം മുഷ്‌രിഫ് എഴുതിയ പുസ്‌തകത്തിൽ പറയുന്നു. എഴുതിയത് സത്യമാണെങ്കിൽ അത് രാജ്യദ്രോഹമാണെന്ന് ഞാൻ പറയുന്നു.'- വഡേട്ടിവാർ വിശദീകരിച്ചു.