കാസർകോട് : തെക്കേ അമേരിക്കൻ രാജ്യമായ ചിലിയിൽ യാഗൻ ഗോത്ര ഭാഷ ഇല്ലാതായത് ക്രിസ്റ്റീന കാൽഡറോൺ എന്ന മുത്തശിയുടെ മരണത്തിലൂടെയാണ്. അങ്ങനെ എത്രയെത്ര ഭാഷകൾ എത്രയോ മനുഷ്യരോടൊപ്പം മണ്ണടിഞ്ഞിട്ടുണ്ടാകും. കേരളത്തിലുമുണ്ട് അങ്ങനെയൊരു ഭാഷ.
കാസർകോട്, കണ്ണൂർ ജില്ലകളിലെ ചക്ലിയ വിഭാഗം ഉപയോഗിച്ചിരുന്ന മാദിക ഭാഷ അറിയാവുന്നവരായി ഇനി ശേഷിക്കുന്നത് രണ്ട് പേർ മാത്രം. കൂക്കാനത്തെ എൺപത് വയസു കഴിഞ്ഞ കെ.പി നാരായണനും, സഹോദരി രാജാറാണിയും. തുളുവും, തെലുഗും, തമിഴും, മലയാളവും കലർന്നതാണ് മാദിക ഭാഷ. വ്യത്യസ്തമായ ആചാരങ്ങളും അനുഷ്‌ടാനങ്ങളും നിറഞ്ഞതാണ് ഇവരുടെ ജീവിതക്രമം.
സവർണർ തീണ്ടാപ്പാടകലെ മാറ്റിനിർത്തിയ ഭൂതകാലത്തില്‍ നിന്ന് തുടങ്ങാം. താമസിച്ചിരുന്ന കൂര പോലും ദൃഷ്ടിയിൽ പതിയരുത്. അതുകൊണ്ടാവണം ആ ശേഷിപ്പുകൾ പേറാൻ പുതിയ തലമുറ തയ്യാറാകാത്തത്. ചത്ത കന്നുകാലികളെ തണ്ടിൽ കെട്ടി തൂക്കിയെടുത്തു കൊണ്ടുവന്ന് തൊലിയുരിയും. ആ ഇറച്ചി ആഹാരമാക്കും. കാലികളുടെ തോലുകൊണ്ടു ചെരിപ്പുണ്ടാക്കും. സവർണ വിഭാഗങ്ങളുടെ വിവാഹം, ചാവടിയന്തിരം എന്നിവയുടെ ഭാഗമായി നടക്കുന്ന സദ്യയിൽ പങ്കെടുക്കാൻ അവകാശമില്ലാതിരുന്ന കെട്ടകാലം ഇവർക്ക് നീറുന്ന ഓർമയാണ്.
അഞ്ചാം വയസിൽ കല്യാണം പറഞ്ഞു വെക്കും. ചെക്കനും കുടുംബത്തിനും പെണ്ണിനെ ഇഷ്ടപെട്ടാൽ അവിടെ നിന്നും ഭക്ഷണം കഴിക്കും. ഭക്ഷണം കഴിക്കാതെ പോയാൽ പെണ്ണിനെ ഇഷ്ടപ്പെട്ടില്ല എന്നാണ് അർഥം. ഇഷ്ടപ്പെട്ടാൽ പിന്നെ ആ പെൺകുട്ടിയെ വേറെ ആരും കല്യാണം കഴിക്കില്ല. ഇതിനിടയിൽ വരൻ മരിച്ചാൽ അവൾ കന്യകയായി തുടരും. ജനനം മുതല്‍ മരണം വരെയുള്ള കാലത്ത് അനുഭവിച്ച് തീർക്കാൻ ഈ സമുദായത്തിനുണ്ടായിരുന്നത് ഇനിയും കാലം മായ്‌ച്ചുകളയാത്ത ആചാരങ്ങളാണ്.
ഉത്തരകേരളത്തില്‍ കുമ്പളയും കാഞ്ഞങ്ങാടും കാസർകോടും കരിവെള്ളൂരും ചെറുവത്തൂരും വരെ മാദിക ഭാഷയുടെ വേരുകളുണ്ടായിരുന്നു. പക്ഷേ നാരായണനും സഹോദരി രാജാറാണിയും പറഞ്ഞ് അവസാനിപ്പിക്കുന്നതോടെ മാദിക ഭാഷ വിസ്‌മൃതിയിലേക്ക് മറയും. ഒരു ഭാഷ കൂടി മരിക്കുന്നു...