തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് അച്ചടക്ക ലംഘനത്തിന് സസ്‌പെന്‍ഷനിലായ തിരുവനന്തപുരം മുന്‍ ഡിസിസി പ്രസിഡന്‍റ് എംഎ ലത്തീഫിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും പുറത്താക്കി. എംഎം ഹസന്‍ കെപിസിസി ആക്‌ടിങ് പ്രസിഡന്‍റായ ശേഷം ഇക്കഴിഞ്ഞ ഏപ്രില്‍ 27 നാണ് മൂന്നര വര്‍ഷക്കാലത്തെ അച്ചടക്ക നടപടി പിന്‍വലിച്ച് ലത്തീഫിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അടുത്ത അനുയായിയും എ ഗ്രൂപ്പിന്‍റെ ജില്ലയിലെ പ്രമുഖ നേതാക്കളില്‍ ഒരാളുമായ ലത്തീഫിനെതിരായ നടപടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പരാതിയിലായിരുന്നു. പെരുമാതുറ മുതലപ്പൊഴി സന്ദര്‍ശനത്തിനെത്തിയ വിഡി സതീശനോട് ലത്തീഫ് പൊതു വേദിയില്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം. പിന്നാലെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ സസ്‌പെന്‍ഡ് ചെയ്‌തു.
ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലുകളൊന്നും ഫലം കണ്ടിരുന്നില്ല. കഴക്കൂട്ടമുള്‍പ്പെടെയുള്ള തീരദേശ മേഖലകളില്‍ വന്‍ ജന സ്വാധീനമുള്ള അപൂര്‍വ്വം കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായ ലത്തീഫിനെ തങ്ങൾക്കൊപ്പം ചേർക്കാൻ സിപിഎം ഉള്‍പ്പെടെയുള്ള മറ്റു പാര്‍ട്ടികള്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് വിടാന്‍ ഒരുക്കമല്ലെന്ന നിലപാടിലുറച്ച് ലത്തീഫ് അച്ചടക്ക നടപടി അംഗീകരിക്കുകയായിരുന്നു.
ലത്തീഫിനെ തിരിച്ചെടുക്കണമെന്ന് പല കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നെങ്കിലും പ്രതിപക്ഷ നേതാവിന്‍റെ കടുത്ത എതിര്‍പ്പ് തടസമായി. ഇതിനിടെയാണ് എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക അദ്ധ്യക്ഷനായെത്തുന്നത്. കെപിസിസി പ്രസിഡന്‍റ് എന്ന നിലയിലുള്ള അധികാരമുപയോഗിച്ച് തന്‍റെ അനുയായികൂടിയായ ലത്തീഫിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുകയായിരുന്നു.
എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷ നേതാവ് നീരസം വ്യക്തമാക്കി. എംഎം ഹസന്‍ എടുത്ത ചില നിലപാടുകള്‍ തിരുത്തുമെന്ന് വീണ്ടും ചുമതലയേറ്റതു മുതല്‍ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ലത്തീഫിനെ വീണ്ടും പുറത്താക്കി കൊണ്ടുള്ള തീരുമാനം പുറത്തു വരുന്നത്. ഇതു സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് ലത്തീഫ് വ്യക്തമാക്കി.