എറണാകുളം: കേന്ദ്രസർക്കാർ നയങ്ങളെ വിമർശിക്കുന്ന മാധ്യമങ്ങളെ സർക്കാർ വേട്ടയാടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊച്ചിയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ ലോക റാങ്കിങ്ങിൽ ഇന്ത്യ ഒരോ വർഷവും പിന്നോട്ട് പോവുകയാണെന്നും മാധ്യമങ്ങൾക്ക് പ്രവർത്തിക്കാനുള്ള ജനാധിപത്യപരമായ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിബിസി ഇന്ത്യയിലെ ന്യൂസ് റൂം പൂട്ടിയ സംഭവം ഇതിന് ഉദാഹരണമാണ്. ബിബിസി ഇന്ത്യയിലെ വാർത്ത നടത്തിപ്പ് മറ്റൊരു കമ്പനിയെ ഏൽപ്പിച്ചിരിക്കുന്നു. ഇത് ലോക ചരിത്രത്തിൽ ആദ്യമാണെന്നും എം വി ഗോവിന്ദൻ ചൂണ്ടികാട്ടി. കേന്ദ്രസർക്കാരിൻ്റെ മാധ്യമ വേട്ടയിൽ കേരളത്തിലെ മാധ്യമങ്ങളിൽ നിന്ന് ശക്തമായ പ്രതികരണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഇഡിക്ക് പിന്നാലെ ഇൻകം ടാക്‌സ് വിഭാഗത്തെയും കേരളത്തിൽ രംഗത്ത് ഇറക്കിയിരിക്കുകയാണ്. ഇഡിയും ഐടിയും ചേർന്ന്
സിപിഎം തൃശൂർ ജില്ല കമ്മറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയോ അറിയിപ്പോ ഉണ്ടായിട്ടില്ല. മുപ്പത് വർഷമായുള്ള അക്കൗണ്ട് ആണത്. സിപിഎമ്മിന് ഒരു പാൻ കാർഡ് മാത്രമാണുള്ളതെന്നും ഗോവിന്ദൻ വ്യക്തമാക്കി.
കണക്കുകൾ എല്ലാം തെരെഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനും നൽകിയിട്ടുള്ളതാണ്. സുരേഷ് ഗോപിക്കെതിരായ നികുതി വെട്ടിപ്പ് കേസ് പുറത്തു വന്ന സാഹചര്യത്തിലാണ് ഈ നടപടികളെന്നും അദ്ദേഹം ആരോപിച്ചു.
തൃശൂരിൽ ബിജെപിയെ ജയിപ്പിക്കുമെന്ന വാശിയിലാണ് നരേന്ദ്ര മോദി. മോദി ഇവിടെ വന്ന് താമസിച്ച് പ്രചാരണം നടത്തിയാലും സുരേഷ് ഗോപി ജയിക്കില്ല. ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചിട്ടും കാര്യമില്ല. എഐസിസി അക്കൗണ്ട് മരവിപ്പിച്ചതിനെ എതിർക്കുന്നവർക്ക് സിപിഎം അക്കൗണ്ട് വേഗം മരവിപ്പിക്കണമെന്ന നിലപാടാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ മത രാഷട്രമാക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കാൻ കോൺഗ്രസ് എന്ത് ചെയ്‌തുവെന്നും ഗോവിന്ദൻ ചോദിച്ചു. കോൺഗ്രസിന്
നയ ദാരിദ്യമാണ്. സിഎഎ നടപ്പാക്കില്ല എന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ പറഞ്ഞില്ല. ഇവിടെ കോൺഗ്രസുകാർ വാചകമടിക്കുകയാണ്. ഇതൊക്കെ ആരെ പറ്റിക്കാനാണ്, കേരളത്തിൽ നടപ്പാക്കില്ലെന്ന് പറഞ്ഞപ്പോൾ നടപ്പാക്കേണ്ടി വരുമെന്നാണ് കോൺഗ്രസുകാർ പറയുന്നത്. ഇവരുടെ ഉള്ളിലിരിപ്പ് വ്യക്തമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പാനൂർ ബോംബ് സ്ഫോടനത്തിൻ പാർട്ടിക്ക് ഒരു ബന്ധവുമില്ലന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരിടത്തും സംഘർഷം ഉണ്ടാകരുത് എന്നതാണ് പാർട്ടിയുടെ നിലപാട്. പാർട്ടിക്കെതിരായ കടന്നാക്രമങ്ങളെ പോലും ആത്മസംയമനത്തോടെയാണ് പാർട്ടി നേരിടുന്നത്. കേരളത്തിലെ ചില മാധ്യമങ്ങൾ വലതുപക്ഷത്തിൻ്റെ മെഗാ ഫോണായി പ്രവർത്തിക്കുന്നു. പാർട്ടി പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതികളാണ് ബോംബ് നിർമ്മിച്ചവർ. ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോയത്. അതിനെയാണ് തെറ്റായി വ്യാഖ്യാനിക്കുന്നതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഏകപക്ഷീയമായി നടത്തിയ ആക്രമത്തിൽ അടുത്ത കാലത്ത് മാത്രം 27 സിപിഎം പ്രവർത്തകരാണ് കേരളത്തിൽ കൊല്ലപ്പെട്ടത്. ഇതേ കുറിച്ച് എന്താണ് പറയാനുള്ളത്. ഞങ്ങൾ തിരിച്ചടിക്കാൻ മുതിർന്നില്ല, ആത്മസംയമനം പാലിക്കുന്നവരാണ് ഞങ്ങൾ. ഇഡിയുടെയും ഐടിയുടെയും അതേ നിലപാടിലേക്ക് കേരളത്തിലെ ചില മാധ്യമങ്ങളും നീങ്ങുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. 2016 ന് ശേഷം കൊല്ലപ്പെട്ട സിപിഎം പ്രവർത്തകരുടെ പേര് വിവരങ്ങളും പ്രതി സ്ഥാനത്തുള്ളവരുടെ വിവരങ്ങളും അടങ്ങിയ ലിസ്‌റ്റും എം വി ഗോവിന്ദന്‍ മാധ്യമങ്ങൾക്ക് വിതരണം ചെയ്‌തു.
ഷാഫിയുടെ ജാഥയിൽ തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ചതിൽ യുഡിഎഫിന് മിണ്ടാട്ടമില്ലെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ഇതൊരു ഗൗരവമുള്ള പ്രശ്‌നമാണ്. സ്ത്രീ ശാക്തീകരണത്തെ അപമാനിക്കുയാണ് അവിടെ ചെയ്‌തതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള സ്‌റ്റോറിയെന്ന സിനിമ കേരള വിരുദ്ധമാണ്, കമ്മ്യൂണിസ്‌റ്റ് വിരുദ്ധമാണ്. മാത്രമല്ല മുസ്‌ലിം വിരുദ്ധവുമാണ്. കേരളത്തിലെ ആളുകളൊന്നും ഇത് കാണാൻ തയ്യാറായിട്ടില്ല. അത് പ്രചരിപ്പിക്കാൻ കേന്ദ്രം ദൂരദർശനെ ഉപയോഗിക്കുകയാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഇടുക്കി രൂപത പ്രദർശിപ്പിച്ചു എന്ന വാർത്തയെക്കുറിച്ച് ആരെങ്കിലും കാണുന്നതിനെ എതിർക്കേണ്ട കാര്യമില്ലന്നും ഇതേ കുറിച്ച് തനിക്ക് അറിയില്ലന്നും അദ്ദേഹം പ്രതികരിച്ചു.
ഔദ്യോഗിക സംവിധാനത്തെ ഉപയോഗിച്ചു എന്നതാണ് ദൂരദർശനിൽ പ്രദർശിപ്പിച്ചതിലെ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. എവിടെയോ ആരെങ്കിലും ബോംബ് പൊട്ടിച്ചതിനെ കുറിച്ച് തെറ്റായ പ്രചാരണം നടത്തി വടകരയിൽ വിജയിക്കാമെന്ന് കരുതണ്ട എന്നും ശൈലജ ടീച്ചറുടെ ജയം ഉറപ്പാണ്. കേരളത്തിൽ ആദ്യം ജയിക്കുന്ന സീറ്റ് വടകരയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read : തെരഞ്ഞെടുപ്പില്‍ കളം നിറഞ്ഞ് അപരന്മാര്‍; ആർക്കൊക്കെ പണികിട്ടുമെന്ന് കണ്ടറിയാം..