എറണാകുളം : കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎം തൃശൂർ ജില്ല സെക്രട്ടറി എം എം വർഗീസിനെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫിസിലേക്ക് നോട്ടിസ് നൽകി വിളിച്ച് വരുത്തിയാണ് മൂന്നാം തവണയും എം എം വർഗീസിനെ ചോദ്യം ചെയ്യുന്നത്. സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളില്ലന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് പറയാനുള്ളത് ഇഡിയോട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏപ്രിൽ മൂന്നിന് ചോദ്യം ചെയ്യലിന് ഹാജറാകാൻ എം എം വർഗീസിന് ഇഡി നേരത്തെ നോട്ടിസ് അയച്ചിരുന്നു. എന്നാൽ തനിക്ക് തെരെഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ തിരക്കുള്ളതിനാൽ ഹാജറാകാൻ കഴിയില്ലന്നും ഏപ്രിൽ 26 ന് ശേഷം ഹാജറാകാമെന്നും ഇഡിയെ അറിയിച്ചു. എന്നാൽ ഇഡി ഇത് തള്ളുകയും ഏപ്രിൽ അഞ്ചിന് ഹാജറാകാൻ വീണ്ടും നോട്ടിസ് നൽകുകയുമായിരുന്നു. ഇതോടെയാണ് എം എം വർഗീസ് വീണ്ടും ഇഡിക്ക് മുന്നിലെത്തിയത്.
കരുവന്നൂർ ബാങ്കിൽ സി പി എമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇ ഡി ഇലക്ഷൻ കമ്മിഷന് റിപ്പോർട്ട് നൽകിയിരുന്നു. സഹകരണ നിയമങ്ങൾ ലംഘിച്ചും, ബാങ്കിൻ്റെ നിയമങ്ങൾ ലംഘിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ഇഡിയുടെ ആരോപണം. ഈ അക്കൗണ്ടുകൾ വഴി നിയമ വിരുദ്ധമായി ബിനാമി വായ്‌പകൾ അനുവദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
ഓഡിറ്റിൽ നിന്നും ഈ അക്കൗണ്ടു വിവരങ്ങൾ മറച്ചുവച്ചുവെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഇതിനു പുറമെയും തൃശൂർ ജില്ലയിൽ ദുരൂഹമായ നിരവധി അക്കൗണ്ടുകൾ ഉണ്ടെന്നും ഇതിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. നിയമ വിരുദ്ധമായി തുടങ്ങിയ അക്കൗണ്ടുകൾ വഴി കോടി കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെവും ഇലക്ഷൻ കമ്മിഷന് നൽകിയ റിപ്പോർട്ടിൽ ഇഡി വ്യക്തമാക്കായിരുന്നു.
ഈ വിഷയത്തിൽ സി പി എം ജില്ല സെക്രട്ടറിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് ഇഡിയുടെ ലക്ഷ്യം. സി പി എം പ്രാദേശിക നേതാവും കരുവന്നൂർ അന്വേഷണ കമ്മീഷൻ അംഗവുമായ പി കെ ഷാജനെയും എം എം വർഗീസിനൊപ്പം ഇഡി ചോദ്യം ചെയ്യുന്നുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എംപിയുമായ പി കെ ബിജുവിനെയും എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ഇന്നലെ (ഏപ്രില്‍ 4) ചോദ്യം ചെയ്‌തിരുന്നു. എട്ട് മണിക്കൂറോളമായിരുന്നു ഈ ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. തിങ്കളാഴ്‌ച വീണ്ടും ഹാജരാകാൻ അദ്ദേഹത്തോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
തെരെഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ കരുവന്നൂർ കേസിൽ കൂടുതൽ സിപിഎം നേതാക്കളെ ലക്ഷ്യമിട്ടാണ് ഇഡി മുന്നോട്ട് പോകുന്നത്. രാഷ്ട്രീയ പ്രേരിതമായി ഇഡി അന്വേഷണം നടത്തുകയാണെന്ന് സിപിഎം കുറ്റപ്പെടുത്തുമ്പോഴും, കൂടുൽ സിപിഎം നേതാക്കളിലേക്ക് തന്നെയാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം നീളുന്നത്.