തിരുവനന്തപുരം : മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ് യാത്രയ്‌ക്ക് ഉപയോഗിച്ച ആഡംബര ബസ് പാപ്പനംകോട് സെൻട്രൽ വർക്‌സ് ഡിപ്പോയിൽ വെറുതെ കിടക്കുന്നു. അറ്റകുറ്റപ്പണികൾക്ക് ശേഷം ബെംഗളൂരുവില്‍ നിന്ന് ഒരു മാസം മുൻപ് തിരിച്ചെത്തിച്ച ബസാണ് നാളിതുവരെയായിട്ടും വിനോദസഞ്ചാര ആവശ്യങ്ങൾക്കോ വാടകയ്‌ക്കോ ബജറ്റ് ടൂറിസം സെല്ലിനോ നൽകാതെ വെറുതെയിട്ടിരിക്കുന്നത്. ബെംഗളൂരുവിലെ പ്രകാശ് കോച്ച് ഫാക്‌ടറിയിലായിരുന്നു നവകേരള ബസിന്‍റെ അറ്റകുറ്റപ്പണികൾ നടന്നത്.
പ്രധാനമായും വിനോദ സഞ്ചാരയാത്രകൾക്ക് അനുയോജ്യമാകുംവിധമാണ് ബസിനുള്ളിൽ മാറ്റം വരുത്തിയിരിക്കുന്നത്. ആദ്യം തലസ്ഥാനത്തുൾപ്പടെ പൊതുജനങ്ങൾക്കായി ബസ് പ്രദർശിപ്പിക്കാനും പിന്നീട് വാടകയ്ക്ക് നൽകാനുമായിരുന്നു തീരുമാനം. വിവാഹ ആവശ്യം, വിനോദയാത്ര, തീർഥാടനം തുടങ്ങിയവയ്ക്ക് നവകേരള ബസ് വാടകയ്ക്ക് ലഭിക്കും. എന്നാൽ ബസ് തിരികെ എത്തി ഏറെ നാളായിട്ടും ഇതുമായി ബന്ധപ്പെട്ട ഒരു നടപടികളും ആരംഭിച്ചിട്ടില്ല.
നവകേരള യാത്രയ്ക്ക് 1.15 കോടി രൂപ മുടക്കി പുതിയ ബസ് വാങ്ങിയത് വിവാദമായിരുന്നു. നവകേരള സദസിനായി വാങ്ങിയ ബസ് ടെൻഡർ വച്ച് വിൽക്കാൻ നിന്നാൽ ഇപ്പോൾ വാങ്ങിയതിന്‍റെ ഇരട്ടി വില ലഭിക്കുമെന്നും മ്യൂസിയത്തിൽ വച്ചാൽ തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയ്ക്ക് ലക്ഷക്കണക്കിന് ആളുകൾ കാണാൻ വരുമെന്നുമൊക്കെയായിരുന്നു അവകാശവാദങ്ങൾ.
ഈ ബസാണ് ഇപ്പോൾ ആരും തിരിഞ്ഞുനോക്കാതെ വെറുതെ കിടക്കുന്നത്. ബസ് നവകേരള യാത്രയ്‌ക്ക് ഉപയോഗിച്ചിരുന്നപ്പോൾ 50,000 രൂപയോളം വില വരുന്ന സീറ്റായിരുന്നു സ്ഥാപിച്ചിരുന്നത്. ഈ സീറ്റുകൾ അടക്കം നീക്കം ചെയ്‌തിട്ടുണ്ട്. സീറ്റുകൾ പുനഃക്രമീകരിച്ച് ലഗേജ് സൂക്ഷിക്കാൻ സ്ഥലവും ഒരുക്കിയിട്ടുണ്ട്. അതേസമയം ബസിന്‍റെ നിറത്തിലും ഗ്രാഫിക് ഡിസൈനിലും മാറ്റം വരുത്തിയിട്ടില്ല. ഉന്നതതലത്തിലെ താത്പര്യക്കുറവാണ് ബസ് വെറുതെ ഇട്ടിരിക്കുന്നതിന് കാരണമെന്നും ആക്ഷേപമുണ്ട്.
ALSO READ : നവകേരള സദസ്; അച്ചടിയ്ക്ക് മാത്രം ചെലവായത് 9.16 കോടി രൂപ