കൊല്ലം : കൊട്ടാരക്കരയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ 4 മണിയോടെ കൊട്ടാരക്കര പനവേലിൽ എംസി റോഡിൽ ആയിരുന്നു അപകടം. നിയന്ത്രണം നഷ്‌ടപ്പെട്ട് റോഡിന്‍റെ സൈഡിലേക്ക് ലോറി മറിയുകയായിരുന്നു. പരിക്കേറ്റ ഡ്രൈവർ തമിഴ്‌നാട് സ്വദേശി പയനീർ സെൽവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15 ടൺ എൽപിജി ആണ് ടാങ്കറിൽ ഉണ്ടായിരുന്നത്. അപകടത്തിന് ശേഷം എം സി റോഡിൽ ഗതാഗതം സ്‌തംഭിച്ചു. വൈദ്യുതി ബന്ധങ്ങളും വിച്ഛേദിച്ചിരുന്നു.
ഫയർഫോഴ്‌സ് എത്തി ടാങ്ക് തണുപ്പിച്ച ശേഷം പാരിപ്പള്ളിയിൽ നിന്നെത്തിച്ച മറ്റൊരു ടാങ്കറിലേക്ക് എൽപിജി മാറ്റി. എൽപിജിയുമായി വാഹനം പാരിപ്പള്ളിയിലേക്ക് പോയ ശേഷം മറിഞ്ഞ ലോറി അവിടെ നിന്ന് മാറ്റാനുള്ള നീക്കം തുടങ്ങിയിരിക്കുകയാണ്. വാഹനം മറ്റിയതിന് ശേഷം ഗതാഗതം പുനസ്ഥാപിക്കും. ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. വാഹനത്തിൽ ഇന്ധന ചോർച്ച വരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.