എറണാകുളം : കൊച്ചി അമ്പലമുഗൾ ബി പി സി എല്ലിലെ എൽ പി ജി ബോട്ട്‌ലിങ് പ്ലാന്‍റിൽ ഡ്രൈവർമാരുടെ പണിമുടക്ക് തുടങ്ങി. ഏഴ് ജില്ലകളിലേക്കുള്ള എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിതരണത്തെയാണ് സമരം സാരമായി ബാധിച്ചത്. ഇതുവരെ 140 ലോഡുകളുടെ വിതരണമാണ് തടസപ്പെട്ടത്.
സഹ ഡ്രൈവറെ മർദിച്ചുവെന്ന് ആരോപിച്ചാണ് ഇന്ന് രാവിലെ മുതല്‍ ഡ്രൈവർമാർ മിന്നൽ പണിമുടക്ക് തുടങ്ങിയത്. ഡ്രൈവർ ശ്രീകുമാറിനാണ് മർദനമേറ്റത്. കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട കൂലി തർക്കത്തെ തുടർന്ന് ഡ്രൈവർക്ക് മർദനമേറ്റതായാണ് ആരോപണം.
പരിക്കേറ്റ ശ്രീകുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോട്ട്ലിങ് പ്ലാന്‍റിലെ ഇരുന്നൂറോളം ഡ്രൈവർമാരാണ് പണിമുടക്കുന്നത്. സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്നാണ് പണിമുടക്കുന്ന ജീവനക്കാരുടെ ആവശ്യം.
ഡ്രൈവറെ മർദിച്ച പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.
കൊടകരയിൽ സഹപ്രവർത്തകൻ ക്രൂരമായാണ് ആക്രമണത്തിന് ഇരയായതെന്നാണ് സമരം നടത്തുന്ന ഡ്രൈവർമാർ പറയുന്നത്.
പണിമുടക്കുന്ന തൊഴിലാളികളുമായി ബി പി സി എൽ പ്രതിനിധികളോ, ജില്ല ഭരണകൂടമോ ചർച്ചകളൊന്നും നടത്തിയിട്ടില്ല. അവശ്യ സർവീസായി ഇരുപത്തി നാല് മണിക്കൂറും ജോലി ചെയ്യുന്ന തങ്ങൾക്ക് മതിയായ സുരക്ഷ ഉറപ്പ് നൽകുന്നത് വരെ സമരം തുടരുമെന്നാണ് ഡ്രൈവർമാർ പറയുന്നത്. അതേസമയം സമരം തുടർന്നാൽ പാചക വാതക വിതരണം തടസപ്പെടുന്നത് വലിയ പ്രതിസന്ധിക്ക് കാരണമാകും.