കോട്ടയം: വെള്ളപ്പൊക്കത്തിൽ വലഞ്ഞ് കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ. മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും വെള്ളം ഇതുവരെ ഇറങ്ങിയിട്ടില്ല. 31 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. പുതുപ്പള്ളി ചിറ കൊട്ടാരത്തിൽ കടവ് മറ്റക്കരയിലെയും പടിഞ്ഞാറൻ മേഖലയിലും റോഡിൽ വെള്ളം കയറി. വീടുകളിൽ കയറിയ വെള്ളം അതേ നിലയിൽ തുടരുകയാണ്.
കോട്ടയം ഏറ്റുമാനൂർ നഗരസഭകളിലെ താഴ്ന്ന പ്രദേശങ്ങളിലും പുതുപ്പള്ളി, അയ്‌മനം, ആർപ്പൂക്കര, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലും വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. മഴ കുറഞ്ഞുവെങ്കിലും വെള്ളം ഇറങ്ങി തുടങ്ങിയിട്ടില്ല. വെള്ളിയാഴ്‌ച രാത്രിയിൽ ഉണ്ടായ കനത്ത മഴ കാരണം വീണ്ടും വെള്ളം ഉയർന്നു. പടിഞ്ഞാറൻ മേഖല ഉൾപ്പെടെയുള്ള ഭാഗത്ത് റോഡുകളിൽ വെള്ളം കയറി.
ഇല്ലിക്കൽ, മീനടം, പുതുപ്പള്ളി റോഡിലും അമയന്നൂർ കവല, മണർകാട് വാലേ മറ്റം, കൊട്ടാരത്തിൽ കടവ് പാലൂർ പടി പുതുപ്പള്ളി റോഡ്, ആർപ്പൂക്കര പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലും റോഡിൽ വെള്ളം കയറിയിട്ടുണ്ട്. 31 ക്യാമ്പുകളിലായി 537 പേരാണ് കഴിയുന്നത്. ഞായറാഴ്‌ചയും തിങ്കളാഴ്‌ചയും ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീറ്റർ വരെ ശക്‌തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.
Also Read: കാലവർഷം; 'പൊതുജനങ്ങൾ ജാഗ്രത പാലിക്കണം': നിര്‍ദേശം നല്‍കി ഇടുക്കി ജില്ല കലക്‌ടർ