ആലപ്പുഴ: ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എ എം ആരിഫ് നാമനിർദേശ പത്രിക സമർപ്പിച്ചു. ആലപ്പുഴ ജില്ല കളക്‌ടർക്ക് മുൻപാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ജില്ലയിലെ മുതിർന്ന നേതാക്കൾ അടക്കമുള്ള അണികളുടെ വൻ ജാഥയോടെയാണ് ആരിഫ് നാമ നിർദേശ പത്രിക സമർപ്പിക്കാനെത്തിയത്.
തെരഞ്ഞെടുപ്പില്‍ വലിയ ആത്മവിശ്വാസമാണ് എൽഡിഎഫ് സ്ഥാനാർത്ഥി എ.എം. ആരിഫ് പുലർത്തുന്നത്. മണ്ഡലത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച വേണമെന്ന് ജനങ്ങളും ആഗ്രഹിക്കുന്നുണ്ടെന്ന് എ എം ആരിഫ് പറഞ്ഞു.
വിജയം 101 ശതമാനം ഉറപ്പാണെന്നും ആരിഫ് പറഞ്ഞു. കുറേ അധികം തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുള്ള ആളാണ് താനെന്നും, ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പരാജയപ്പെടാത്തതുകൊണ്ട് തന്നെ ജനങ്ങളുടെ മനസ്സ് വായിക്കാന്‍ പറ്റുന്നുണ്ടെന്നും എ എം ആരിഫ് പറഞ്ഞു. നല്ല വിജയ പ്രതീക്ഷയുണ്ടെന്നും, അതുകൊണ്ടുതന്നെ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം വർധിപ്പിക്കാൻ ആകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.