കണ്ണൂര്‍ : കൊടും ചൂടില്‍ വോട്ട് ചെയ്യാന്‍ ഹരിത ബൂത്തിലെത്തിയപ്പോള്‍ പുറത്തെ ചൂട് മറന്ന് ആഹ്ളാദിക്കുകയാണ് മയ്യഴിയിലെ ജനങ്ങള്‍. പൂര്‍ണമായും പരിസ്ഥിതി സൗഹൃദ ബൂത്തായി മാറ്റിയ ഇവിടെ, കുരുത്തോലയിലാണ് പ്രവേശന കവാടം ഒരുക്കിയിരുന്നത്. തെങ്ങിന്‍ പൂക്കുലകളും വാഴകളും ഈന്തോലകളും പൂച്ചെടികളും കണ്ട് കുളിരാര്‍ന്ന മനസ്സോടെ വോട്ടര്‍മാര്‍ അകത്തളത്തിലെത്തി. ഹരിത പരവതാനിയിലൂടെ നടന്ന് പനയോല കൊണ്ട് മേഞ്ഞ കൗണ്ടറിലെത്തും. അവിടെ പുഷ്‌പാലങ്കാരച്ചെടികള്‍ ഔഷധച്ചെടികള്‍ എന്നിവ വോട്ടിങ് കേന്ദ്രത്തിന്‍റെ വഴികളെ അലങ്കരിച്ചൊരുക്കിയിരിക്കുന്നു.
ഓലക്കുടിലുകളില്‍ കുടിവെളള സംവിധാനവും ആരോഗ്യ സഹായ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. വോട്ടര്‍മാരായ അമ്മമാര്‍ക്കൊപ്പം എത്തുന്ന കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം. അവിടെ പലതരം ഉപകരണങ്ങള്‍. ഏതാണ്ട് ചില്‍ഡ്രന്‍സ് പാര്‍ക്കിന്‍റെ പ്രതീതി. സമ്പൂര്‍ണ പ്ലാസ്‌റ്റിക് നിരോധിത മേഖലയാണിവിടം. പൂര്‍ണമായും പരിസ്ഥിതി സൗഹൃദാന്തരീക്ഷമാണിവിടെ ഉളളത്.
ഉച്ച തിരിഞ്ഞ് വോട്ട് ചെയ്യാമെന്ന് കരുതിയിരുന്നവര്‍ വോട്ട് ചെയ്‌ത് മടങ്ങിയവരില്‍ നിന്നും ബൂത്തിലെ വിവരങ്ങള്‍ അറിഞ്ഞതോടെ വോട്ട് ചെയ്യാന്‍ വെച്ചുപിടിക്കുകയാണ്. ഇതാദ്യമായി മയ്യഴി മേഖലയിലെ 31 ബൂത്തുകളുടേയും നിയന്ത്രണം വനിതകള്‍ക്ക് മാത്രമാണ് എന്ന പ്രത്യേകതയുമുണ്ട്.
ഇതില്‍ തന്നെ ചാലക്കര യു.ജി. ഹൈസ്‌കൂളിലെ ബൂത്ത് യുവാക്കള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നു. 28 വയസിന് താഴെയുളള വനിതകളാണ് ജനാധിപത്യ വിധിയെഴുത്ത് നിയന്ത്രിക്കുന്നത്. എല്ലാ ബൂത്തുകളിലും വനിത പൊലീസുകാരെയാണ് ക്രമസമാധാന പാലനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്.