കോഴിക്കോട്: തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ ജില്ലയിലെ മിക്ക ബൂത്തുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കോഴിക്കോട് മണ്ഡലത്തിന് പുറമെ ജില്ലയിലെ വടകര മണ്ഡലത്തിലെ പോളിങ് സ്‌റ്റേഷനില്‍ നീണ്ട നിരയാണ് കാണപ്പെടുന്നത്. വടകരയിലെ നാല് പോളിങ് ബൂത്തുകളില്‍ വോട്ടിങ് തടസപ്പെട്ടെങ്കിലും പെട്ടെന്ന് തന്നെ പരിഹരിച്ച് വോട്ടിങ് പുനരാരംഭിച്ചു.
മണ്ഡലത്തിലെ പ്രധാനപ്പെട്ട സ്ഥാനാര്‍ഥികള്‍ക്ക് വടകരയില്‍ വോട്ടില്ല. ഷാഫി പറമ്പിലിന് പാലക്കാടും കെ കെ ശൈലജയ്‌ക്ക് മട്ടന്നൂരിലുമാണ് വോട്ടുള്ളത്. ഏറ്റവും കൂടുതല്‍ വോട്ടിങ് തടസപ്പെട്ടത് കോഴിക്കോട് മണ്ഡലത്തിലാണ്. ഇത്തരത്തില്‍ വോട്ടിങ് വൈകുന്ന മണ്ഡലത്തില്‍ അതിനനുസരിച്ച് വോട്ടിങ് സമയം നീട്ടി കൊടുക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവന്‍ ആവശ്യപ്പെട്ടു.
കോഴിക്കോട് മണ്ഡലത്തില്‍ 1206 പോളിങ് സ്‌റ്റേഷനുകളാണ് വോട്ടര്‍മാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. മണ്ഡലത്തില്‍ 6,91,096 പുരുഷന്മാരും 7,38,509 സ്‌ത്രീകളും 26 ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടെ 14,29,631 പേരും വടകര മണ്ഡലത്തില്‍ 6,81,615 പുരുഷന്മാരും 7,40,246 സ്‌ത്രീകളും 22 ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടെ ആകെ 28,51,514 വോട്ടര്‍മാരാണുള്ളത്.
വോട്ടെടുപ്പ് സുരക്ഷിതവും സുതാര്യവുമാക്കുന്നതിന് ശക്തമായ സുരക്ഷയാണ് പോളിങ് ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ട്. കള്ളവോട്ട്, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയുന്നതിനായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്‌കാസ്‌റ്റിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പിന്‍റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവി ക്യാമറ വഴി തത്സമയം നിരീക്ഷിക്കും.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് കോഴിക്കോട് ലോക്‌സഭ മണ്ഡലം.
Also Read: തൃശൂരിലും അതുവഴി കേരത്തിലും താമര വിരിയും: സുരേഷ് ഗോപി