പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിൽ വോട്ടെണ്ണൽ പൂർത്തിയായി. സിറ്റിങ് എം പി ആന്‍റോ ആന്‍റണിക്ക് 66,064 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം. ആകെ വോട്ടുകളുടെ എണ്ണം 367,210. ആന്‍റോ ആന്‍റണി പത്തനംതിട്ടയിൽ നേരിട്ടത് എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്, ബിജെപി സ്ഥാനാർഥി അനിൽ ആന്‍റണി എന്നീ അതിശക്തരെയാണ്. അതുകൊണ്ടുതന്നെ വളരെ ശക്തമായ തെരഞ്ഞെടുപ്പാണ് ഇത്തവണ പത്തനംതിട്ടയിൽ നടന്നത്. എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക് 30,1146 വോട്ടുകളും, ബിജെപി സ്ഥാനാർഥി അനിൽ ആന്‍റണി 234098 വോട്ടുകളും നേടി.
മധ്യതിരുവിതാംകൂറിലെ പ്രധാന ലോക്‌സഭ മണ്ഡലമാണ് പത്തനംതിട്ട. പ്രശസ്‌തമായ ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന മണ്ഡലമായത് കൊണ്ടുതന്നെ വിശ്വാസ രാഷ്‌ട്രീയം പ്രതിഫലിക്കുന്ന മണ്ഡലം കൂടിയാണിത്. 2008 ലെ മണ്ഡല പുനര്‍നിര്‍ണയത്തില്‍ രൂപീകൃതമായ പത്തനംതിട്ടയ്ക്ക് പ്രായം 15 വയസ് മാത്രം.
2009 ലെയും 2014 ലേയും തെരഞ്ഞെടുപ്പുകളില്‍ പത്തനംതിട്ട അത്രയാരും ശ്രദ്ധിക്കപ്പെടാതെ പോയ മണ്ഡലമായിരുന്നുവെങ്കില്‍ 2019 ല്‍ മണ്ഡലത്തിന്‍റ തലവര മാറ്റി വരച്ചത് ശബരിമല സ്ത്രീ പ്രവേശന വിവാദവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുമായിരുന്നു. ആചാര സംരക്ഷണവും ആരാധനാസ്വാതന്ത്ര്യവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 2019 ല്‍ പത്തനംതിട്ടയിലാണ് ഇതിന്‍റെ പ്രതിഫലനം ഏറെ കണ്ടത്.
രണ്ട് ജില്ലകളിലെ രാഷ്‌ട്രീയം പ്രതിഫലിക്കുന്ന പത്തനംതിട്ടയില്‍ സമുദായ വോട്ടുകള്‍ ലക്ഷ്യമിട്ട് മൂന്ന് മുന്നണികളും ഇത്തവണ രംഗത്തിറക്കിയത് ക്രൈസ്‌തവരായ സ്ഥാനാര്‍ഥികളെയായിരുന്നു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പത്തനംതിട്ട ജില്ലയിലെ അടൂര്‍, തിരുവല്ല, റാന്നി, ആറന്‍മുള, കോന്നി നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് പത്തനം തിട്ട.
കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയായി അറിയപ്പെടുന്ന മണ്ഡലത്തില്‍ സിറ്റിങ് എംപി ആന്‍റോ ആന്‍റണിക്ക് ഓരോ പൊതു തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കാലിടറുന്നതാണ് വോട്ട് നില സൂചിപ്പിക്കുന്നത്. കാരണങ്ങളും സാഹചര്യങ്ങളും വ്യത്യസ്‌തമായിരുന്നെങ്കിലും മണ്ഡലത്തില്‍ ബിജെപി പതുക്കെ ചുവടുറപ്പിക്കുന്നതും കണക്കുകളില്‍ വ്യക്തം. നിയമസഭ തെരഞ്ഞെടുപ്പില്‍ നേട്ടം ഇടതുമുന്നണിക്കും.