കാസർകോട്: അതിഥിയായെത്തിയ രാജ്മോഹൻ ഉണ്ണിത്താനെ ഒരിക്കൽകൂടി കാസർകോട്ടുകാർ ഇരുകൈയും നീട്ടി സ്വീകരിച്ചു. 1,03,148 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജ്‌മോഹൻ ഉണ്ണിത്താൻ കാസർകോട് വീണ്ടും കൈപ്പിടിയിലാക്കിയത്. 4,79,794 വോട്ടുകളാണ് മണ്ഡലത്തിൽ ആകെ യുഡിഎഫ് സ്ഥാനാർഥി നേടിയത്.
എൽഡിഎഫ് സ്ഥാനാർഥി എംവി ബാലകൃഷ്‌ണൻ 3,76,646 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി. ആദ്യഘട്ടത്തിൽ എം വി ബാലകൃഷ്‌ണൻ ലീഡ് നില ഉയർത്തിയെങ്കിലും പിന്നീട് രാജ്‌മോഹൻ ഉണ്ണിത്താന്‍റെ മുന്നേറ്റമായിരുന്നു. എം.എൽ അശ്വിനിയാണ് കാസർകോട്ടെ ബിജെപി സ്ഥാനാര്‍ഥി. 2,13,153 വോട്ടുകളാണ് എം.എൽ അശ്വിനി ആകെ നേടിയത്.
2019ലെ യുഡിഎഫ് തരംഗത്തിൽ പോലും ലഭിക്കാത്ത റെക്കോർഡ് ഭൂരിപക്ഷം( 1,00,649) നേടിയാണ് കാസർകോടൻ കോട്ട രാജ്മോഹൻ ഉണ്ണിത്താൻ രണ്ടാം തവണയും പിടിച്ചു കെട്ടിയത്. ഭൂരിപക്ഷം ഒരു ലക്ഷം കവിഞ്ഞത് ഇടതു പാളയത്തിൽ ഞെട്ടലുണ്ടാക്കി. പോൾ ചെയ്‌ത വോട്ടിൽ 4,90,659 വോട്ടുകൾ ഉണ്ണിത്താൻ നേടി.
ചുവപ്പ് കോട്ടകൾ എന്ന് അറിയപ്പെടുന്ന കല്യാശേരിയും, പയ്യന്നൂരും, തൃക്കരിപ്പൂരും ഉണ്ണിത്താന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടാക്കാനായി. ഇടതു കോട്ടയെന്ന് വിശേഷിപ്പിക്കുന്ന കല്യാശ്ശേരിയിൽ എൽഡിഎഫ് നേടിയത് 1058 വോട്ടിൻ്റെ ലീഡ് മാത്രമാണ്. കാസർകോടും മഞ്ചേശ്വരത്തും യുഡിഎഫ് നേടുന്ന ലീഡ് കല്യാശേരിയിലും പയ്യന്നൂരും തൃക്കരിപ്പൂരും നേടുന്ന വോട്ടുകൾ കൊണ്ട് മറികടക്കുന്നതായിരുന്നു എൽഡിഎഫ് രീതി.
എന്നാൽ രാജ്മോഹൻ ഉണ്ണിത്താൻ്റെ തേരോട്ടത്തിൽ ഇടതുകോട്ടകൾ കൂപ്പുകുത്തി. പാർട്ടിവോട്ടുകൾ പോലും ഇത്തവണ ഇടതിനെ കൈവിട്ടു. കഴിഞ്ഞ തവണ കെ. പി സതീഷ് ചന്ദ്രൻ നേടിയ വോട്ടുകൾ പോലും എംവി ബാലകൃഷ്‌ണന് നേടാനായില്ല. അതേസമയം 2019 നേക്കാൾ നേരിയ വർധന എൻഡിഎയ്ക്കുണ്ടായി.
കാസർകോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫിന് ലഭിച്ചത് മികച്ച ഭൂരിപക്ഷമാണ്. കഴിഞ്ഞ തവണ കുറഞ്ഞവോട്ടിനെങ്കിലും ഒപ്പം നിന്ന കാഞ്ഞങ്ങാടും സ്ഥാനാർത്ഥിയുടെ സ്വന്തം മണ്ഡലമായ തൃക്കരിപ്പൂർ വരെ ഇത്തവണ എൽഡിഎഫിനെ കൈവിട്ടു. പയ്യന്നൂരും കല്യാശേരിയിലും പ്രതീക്ഷിച്ച വോട്ട് നേടാനുമായില്ല. ഇതൊക്കെ എൽഡിഎഫിൻ്റെ പരാജയത്തിന് കാരണമായി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് ഒരു അബദ്ധമായിരുന്നുവെന്ന് വിശ്വസിക്കുന്ന സിപിഎം ഇത്തവണ പാർട്ടി ജില്ല സെക്രട്ടറി എം.വി ബാലകൃഷ്‌ണനെയാണ് സ്ഥനാർത്ഥിയായി നിർത്തിയിരുന്നത്. പ്രഥമാധ്യാപകനായിരിക്കെ സ്വയം വിരമിച്ച് മുഴുവൻ സമയ പാർട്ടി പ്രവർത്തകനായ ബാലകൃഷ്‌ണൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി പ്രവർത്തിച്ചിട്ടുണ്ട്.
പ്രവർത്തന മികവിന് രാഷ്പ്രതിയുടെയും സംസ്ഥാന സർക്കാറിന്‍റെയും അവാർഡുകൾക്കും അർഹനായിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ജനകീയത ജനങ്ങൾക്ക് സ്വീകാര്യമാവുമെന്നായിരുന്നു സി.പി.എമ്മിന്‍റെ പ്രതീക്ഷ.എന്നാൽ പ്രതീക്ഷ ഫലം കണ്ടില്ല. വോട്ടെണ്ണലിൻ്റെ തുടക്കത്തിൽ ലഭിച്ച ലീഡ് അവസാനം വരെ ഉണ്ണിത്താൻ നിലനിർത്തിയപ്പോൾ തകർന്നടിഞ്ഞത് പാരമ്പര്യ ഇടത്കോട്ടകൾ കൂടിയാണ്.
Also Read: തോല്‍വിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് കെ മുരളീധരന്‍