ഇടുക്കിയിൽ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന് തകർപ്പൻ ജയം. 1,31,154 വോട്ടുകൾക്കാണ് ഡീൻ കുര്യാക്കോസ് ഇടുക്കിയിൽ വീണ്ടും വിജയം കണ്ടത്. എൽഡിഎഫിന്‍റെ ജോയ്‌സ് ജോർജ്, എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥ് എന്നിവരെ പിന്തള്ളിയാണ് തുടർച്ചയായ രണ്ടാം തവണയും ഡീനിന്‍റെ വിജയം.
4,32,372 ആണ് ഡീൻ കുര്യാക്കോസിന്‍റെ ആകെ വോട്ട്. ജോയിസ് ജോർജ് 2,98,645 വോട്ടുകളും സംഗീത വിശ്വനാഥ് 91,323 വോട്ടുകളും നേടി.
കേരളത്തിലെ ഏറ്റവും വലിയ ലോക്‌സഭ മണ്ഡലമാണ് ഇടുക്കി. വന്യജീവി ആക്രമണത്തില്‍ ഒട്ടേറെ പേര്‍ക്ക് ജീവൻ നഷ്‌ടപ്പെട്ട പ്രദേശം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിലും മണ്ഡലത്തിലെ പ്രധാന ചര്‍ച്ചാവിഷയം വനം വന്യജീവി സംഘര്‍ഷവും കാര്‍ഷിക പ്രശ്‌നങ്ങളും തന്നെയായിരുന്നു. കൂടാതെ, കുടിവെള്ളമില്ലായ്‌മ പോലുള്ള വിഷയങ്ങളും ഇത്തവണ ചര്‍ച്ചയായി.
നിയമസഭയില്‍ പൊതുവെ ഇടുക്കിയിലെ കാറ്റ് ഇടത്തേക്കാണ് വീശാറ്. എന്നാല്‍, പാര്‍ലമെന്‍റില്‍ ആ കാറ്റ് അനുകൂലമാക്കിയെടുക്കാൻ എല്‍ഡിഎഫിന് സാധിച്ചിട്ടില്ല. അതില്‍ ഇക്കുറിയൊരു മാറ്റമുണ്ടാകുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.
2019ല്‍ കൈവിട്ട മണ്ഡലം ജോയ്‌സ് ജോര്‍ജിലൂടെ തിരികെ പിടിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് ഇടത്പാളയങ്ങള്‍. മറുവശത്ത്, സിറ്റിങ് എംപി ഡീൻ കുര്യാക്കോസിലൂടെ ജയം ആവര്‍ത്തിക്കാൻ സാധിക്കുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. ഈഴവ സമുദായത്തിന് കൂടുതല്‍ സ്വാധീനമുള്ള മണ്ഡലത്തില്‍ ബിഡിജെഎസിന്‍റെ സംഗീത വിശ്വനാഥായിരുന്നു എൻഡിഎയ്‌ക്കായി വോട്ട് തേടിയത്.
കേരളത്തിലെ മറ്റ് മണ്ഡലങ്ങളിലെ പോലെ ഇടുക്കിയിലും ഇത്തവണ പോളിങ് ശതമാനത്തില്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. 2019ല്‍ 76.36% വോട്ട് പോള്‍ ചെയ്യപ്പെട്ടിടത്ത് ഇത്തവണ രേഖപ്പെടുത്തിയത് ആകെ 66.55% വോട്ടാണ്. 2019ല്‍ യുഡിഎഫിന്‍റെ ഡീന്‍ കുര്യാക്കോസ് 4,98,493 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടടുത്ത എതിര്‍സ്ഥാനാർത്ഥി എല്‍ഡിഎഫിലെ ജോയ്‌സ് ജോര്‍ജ് 3,27,440 വോട്ടുകള്‍ സ്വന്തമാക്കി. എന്‍ഡിഎയുടെ ബിജുകൃഷ്‌ണന് 78,648 വോട്ടുകള്‍ നേടാനേ സാധിച്ചുള്ളൂ.