ആലപ്പുഴ: ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിൽ വിജയയിച്ചുകയറി കോണ്‍ഗ്രസ് സ്ഥാനാർഥി കെസി വേണുഗോപാല്‍. എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ എഎം ആരിഫിനെയും എന്‍ഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനെയുമാണ് വേണു ഗോപാല്‍ പിന്നിലാക്കിയത്. 63513 ആണ് വേണുഗോപാലിന്‍റെ ഭൂരിപക്ഷം. അതിശക്തമായ ത്രികോണ മത്സരം നടക്കാറുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് ആലപ്പുഴ. എന്‍ഡിഎ സ്ഥാനാർഥി ശോഭാസുരേന്ദ്രന് ലഭിച്ചത് 299648 വോട്ടുകളാണ്, എൽഡിഎഫ് സ്ഥാനാർഥി ആരിഫിന് 341047 വോട്ടുകളാണ് ലഭിച്ചത്.
2019 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗത്തില്‍ ഇടതുമുന്നണിയുടെ മാനം കാത്ത മണ്ഡലമായിരുന്നു ആലപ്പുഴ. ഇത്തവണ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായ എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മത്സരിക്കുന്നത് കൊണ്ടുതന്നെ ആലപ്പുഴ ദേശീയ ശ്രദ്ധാകേന്ദ്രമാണ്. കേരളത്തിലെ വിഐപി മണ്ഡലങ്ങളിലൊന്നായാണ് ആലപ്പുഴയെ വിലയിരുത്തുന്നത്. മൂന്നാം മന്ത്രിസഭയില്‍ ആലപ്പുഴയില്‍ നിന്നൊരു വനിത കേന്ദ്രമന്ത്രി എന്ന ടാഗ്‌ലൈനോടെയാണ് ബിജെപി ശോഭയെ കളത്തിലിറക്കിയത്.
അതിശക്തമായ ത്രികോണ മത്സരം തന്നെയാണ് മണ്ഡലത്തില്‍ അരങ്ങേറിയത്. മണ്ഡലത്തിന് ഇടത് പാരമ്പര്യമുണ്ടെങ്കിലും കോണ്‍ഗ്രസാണ് ഇവിടെ മിക്കപ്പോഴും ജയിച്ച് കയറിയത്. 74.14 ശതമാനം പോളിങ്ങാണ് ഇക്കുറി ആലപ്പുഴയില്‍ രേഖപ്പെടുത്തിയത്. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി എന്നീ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആലപ്പുഴ മണ്ഡലം. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 80.35 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ്ങ്. സിപിഎമ്മിലെ അഡ്വ എഎം ആരിഫ് 10,474 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് വിജയിച്ചത്. ആരിഫിന് 445,970 വോട്ടുകള്‍ നേടാനായി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്‌മാന്‍ 435,496 വോട്ടുകള്‍ സ്വന്തമാക്കി.
2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ കെസി വേണുഗോപാല്‍ 462,525 വോട്ടുകള്‍ നേടി. സിപിഎം സ്ഥാനാര്‍ഥി സിബി ചന്ദ്രബാബു 443,118 വോട്ടുകളും നേടി. 19,407 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വേണുഗോപാല്‍ ലോക്‌സഭയിലെത്തിയത്. മുമ്പ് 2009 ലും 2014ലും ആലപ്പുഴയില്‍ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ചുകയറിയ കെസി വേണുഗോപാലിന് മണ്ഡലത്തിലെ അടിയൊഴുക്കുകള്‍ നന്നായി അറിയാം.