ഇടുക്കി : ഇത്തവണ പോളിങ് കുറഞ്ഞെങ്കിലും ആത്മ വിശ്വാസത്തിലാണ് ഇടുക്കിയിലെ സ്ഥാനാർഥികൾ. തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ മികച്ച പോളിങ് നടന്നത് വിജയത്തെ സ്വാധീനിയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. അതേസമയം കള്ള വോട്ട് ചെയ്‌ത് തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ സിപിഎം ശ്രമിച്ചതായാണ് കോൺഗ്രസ് ആരോപണം.
66.38 ശതമാനം വോട്ടുകളാണ് ഇടുക്കിയിൽ ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വൻ കുറവുണ്ടെങ്കിലും തങ്ങളുടെ ശക്തി കേന്ദ്രങ്ങളിലെ പോളിങ് വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. മറ്റ് നിയോജക മണ്ഡലങ്ങളെ അപേക്ഷിച്ച് ഉടുമ്പഞ്ചോല, കോതമംഗലം മണ്ഡലങ്ങളിൽ മികച്ച പോളിങ് നടന്നത് അനുകൂലമാകുമെന്നാണ് ഇടത് ക്യാമ്പിന്‍റെ വിലയിരുത്തൽ.
ഇടത് കോട്ടകളായ തോട്ടം മേഖലയിൽ മികച്ച പോളിങ് നടന്നു. അതേസമയം സംസ്ഥാനത്ത് യുഡിഎഫിന് മികച്ച വിജയം സമ്മാനിയ്ക്കുന്ന മണ്ഡലമാകും ഇടുക്കി എന്നാണ് കോൺഗ്രസിന്‍റെ വിലയിരുത്തൽ. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ കള്ള വോട്ടുചെയ്യാനുള്ള ശ്രമത്തിനിടെ പിടിയിലായത്, തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാനുള്ള സിപിഎം ശ്രമത്തിന്‍റെ ഉദാഹരണമെന്ന് യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ആരോപിച്ചു.
കുമളി ചക്കുപള്ളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി കള്ള വോട്ട് ചെയ്യാൻ ശ്രമിയ്ക്കുന്നതിനിടെ പിടിയിൽ ആയിരുന്നു. കരിമണ്ണൂരിൽ രണ്ടും രാജകുമാരിയിൽ ഒരു കള്ള വോട്ടും നടന്നതായി പരാതി ഉണ്ട്. ചെമ്മണ്ണാറിലും ഖജനാപാറയിലും ഇരട്ട വോട്ട് ചെയ്യാനുള്ള ശ്രമവും കണ്ടെത്തിയിരുന്നു. കുഭപ്പാറയിൽ ആൾമാറട്ടം നടത്തി വോട്ട് ചെയ്യാനും ശ്രമം ഉണ്ടായി. തോട്ടം മേഖലയിൽ വ്യാപകമായി കള്ള വോട്ട് ചെയ്‌തതായാണ് ആരോപണം.
ALSO READ: കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു; ബൂത്തില്‍ സംഘര്‍ഷം