കോഴിക്കോട്: കാഴ്‌ച പരിമിതിയുള്ള വൃദ്ധയെക്കൊണ്ട് സ്വയം വോട്ട് ചെയ്യിപ്പിച്ചതായി പരാതി. പെരുവയൽ പഞ്ചായത്തിലെ 89-ാം ബൂത്തായ കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിൽ ഉള്ള വൃദ്ധയെയാണ് സ്വയം വോട്ട് ചെയ്യിപ്പിച്ചത്. 89 വയസുള്ള ഇടികയിൽ നാരായണിയാണ് പരാതിക്കാരി.
വെള്ളിയാഴ്‌ചയാണ് വീട്ടിലെ വോട്ടുമായി ഉദ്യോഗസ്ഥർ നാരായണിയുടെ വീട്ടിലെത്തിയത്.
വീട്ടിലെത്തിയ 3 ഉദ്യോഗസ്ഥരും ഒരു ബിഎൽഒയും ഇവരോട് സ്വന്തമായി വോട്ട് ചെയ്യാൻ ആവുമോ എന്ന് ചോദിച്ചുവത്രേ. എന്നാൽ കാഴ്‌ചയില്ല എന്ന് അറിയിച്ചിട്ടും സ്വന്തമായി വോട്ട് ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു എന്നാണ് ഇവരുടെ പരാതി.
കഴിഞ്ഞ 20 വർഷത്തിലേറെയായി ഒരു കണ്ണിന് പൂർണമായും മറ്റേ കണ്ണിന് മുക്കാൽ ഭാഗവും കാഴ്‌ച പരിമിതി ഉള്ളത് കൊണ്ട് മറ്റൊരാളുടെ സഹായത്തോടെയാണ് വോട്ട് ചെയ്‌തിരുന്നത്.
എന്നാൽ വീട്ടിൽ ഒരു വോട്ട് വന്നതോടെ നടക്കാൻ പരസഹായം പോലും വേണ്ട എന്നതിനാല്‍ തന്നെ ഇവർ ഏറെ സന്തോഷത്തിലായിരുന്നു.
അതിനിടയിലാണ് കാഴ്‌ച പരിമിതിയുള്ള നാരായണിക്ക് പരസഹായം ഇല്ലാതെ വോട്ട് ചെയ്യേണ്ടി വന്നത്. ഏറെക്കാലമായി ഓപ്പൺ വോട്ട് ചെയ്‌തിരുന്ന നാരായണിക്ക് ഇത്തവണ ഓപ്പൺ വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നതിനെ തുടർന്ന് ജില്ലാ കളക്‌ടർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്ന് ഇവരുടെ മകൻ കൃഷ്‌ണദാസ് പറഞ്ഞു.
Also Read: വീട്ടിലെ വോട്ടിൽ വീണ്ടും പരാതി ; അന്വേഷിക്കാൻ നിർദേശം