കൊല്ലം: കസവുകെട്ടിയ പേടിത്തൊണ്ടനാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സതീശൻ പറഞ്ഞു. കൊല്ലം പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി വി അൻവർ എംഎൽഎയുടേത് ഹീനമായ പ്രസ്‌താവനയാണെന്നും മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ പ്രസ്‌താവനയെ ന്യായീകരിച്ചതായും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ മാത്രമല്ല ആ കുടുംബത്തെയാണ് അപമാനിച്ചതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പി വി അൻവറിനെ കൊണ്ട് മുഖ്യമന്ത്രിയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിപ്പിക്കുന്നത്. പി വി അൻവർ വാ പോയ കോടാലിയാണ്. വാക്കത്തിയോടല്ല പോരാട്ടം, വാക്കത്തി വെച്ച് വെട്ടുന്നവരോട് ആണെന്നും സതീശൻ പറഞ്ഞു.
ബിജെപിയുമായി ഉണ്ടാക്കിയ ധാരണയിലാണ് രാഹുൽ ഗാന്ധിയെ മുഖ്യമന്ത്രി വിമർശിക്കുന്നത്. അൻവറിനെ പിണറായി വിജയൻ ആയുധമായി ഉപയോഗിക്കുന്നു. അഞ്ചു കൊല്ലം മുമ്പ് വയനാട്ടിൽ ലീഗിന്‍റെ പതാക വിവാദമാക്കിയത് ബിജെപി ആയിരുന്നു. ഇപ്പോൾ വിവാദമാക്കിയത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം തുറന്നടിച്ചു.
മുഖ്യമന്ത്രിയുടെ അറിവോടെ അധികാരം നിലനിർത്താൻ വേണ്ടി വർഗീയത വളർത്തുന്ന ബിജെപിയുമായി മുഖ്യമന്ത്രിയും സിപിഎമ്മും സന്ധിചെയ്‌തു. കേരള രാഷ്‌ട്രീയത്തിൽ ബിജെപിക്ക് ഇടമുണ്ടാക്കി കൊടുക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. എല്ലാ നിലവാരവും വിട്ടുകൊണ്ടുള്ള പ്രചാരണമാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നടത്തുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.
വിഴിഞ്ഞത്ത് സമരം നടത്തിയവരെ 'അർബൻ നക്‌സലുകൾ' എന്നാണ് സർക്കാരും സിപിഎമ്മും വിശേഷിപ്പിച്ചത്. സംസ്ഥാന പൊലീസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രം തിരുവനന്തപുരം ലത്തീൻ രൂപതയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ചീറ്റിപ്പോയ പടക്കം എടുത്ത് നിൽക്കുന്ന കുട്ടിയെ പോലെയാണ് മുഖ്യമന്ത്രി വടകര വിഷയത്തിൽ പ്രതികരണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ അല്ല പോസ്‌റ്റർ ആണ് പ്രചരിച്ചതെന്നാണ് ഇപ്പോൾ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ത്യശൂർ പൂരത്തിൽ സിറ്റി പൊലീസ് കമ്മിഷണർ അഴിഞ്ഞാടുന്നത് മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്നും, ഇത് നാടകമാണെന്നും, വിഷയം വർഗീയമാക്കി ബിജെപിക്ക് അവസരം ഉണ്ടാക്കി കൊടുക്കുകയായിരുന്നു ലക്ഷ്യമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
Also Read: 'നെഹ്‌റു കുടുംബത്തോട് പോലും കൂട്ടിച്ചേർത്ത് പറയാനുള്ള അർഹത രാഹുലിനില്ല': പിവി അൻവർ