1977 മുതൽ ലീഗിന്‍റെ പൊന്നാപുരം കോട്ടയായിരുന്നു പൊന്നാനി മണ്ഡലം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ലീഗ് നേതാവ് ജി എം ബനാത്ത്‌വാലയുടെ തട്ടകം. ഏഴ് തവണയാണ് അദ്ദേഹം പൊന്നാനിയിൽ നിന്ന് രാജ്യതലസ്ഥാനത്തേക്ക് വിജയിച്ച് പോയത് (1977, 80, 84, 89, 96, 98, 99).
അതിനിടയിൽ 1991ൽ ഇബ്രാഹിം സുലൈമാൻ സേട്ട് പൊന്നാനിയെ സ്വന്തമാക്കി. 1977 മുതൽ മഞ്ചേരിയിൽ നിന്ന് തുടർച്ചയായി നാല് തവണ ലോക്‌സഭയിൽ എത്തിയ സേട്ട് ഇ അഹമ്മദിന് വേണ്ടി അന്ന് മഞ്ചേരിയിൽ നിന്ന് മാറിക്കൊടുക്കുകയായിരുന്നു. 2004ൽ അഹമ്മദ് വീണ്ടും പൊന്നാനിയിൽ എത്തി പച്ചക്കൊടി പാറിച്ചു.
പിന്നാലെ ഇ ടി മുഹമ്മദ് ബഷീർ ഹാട്രിക്കടിച്ചിരിക്കുകായണ് (2009, 2014, 2019). ഈ തവണ പക്ഷേ നിലവിലെ മലപ്പുറം എംപി അബ്‌ദുസമദ് സമദാനി പൊന്നാനിയിൽ ഇറങ്ങും. ഇ ടി മലപ്പുറത്തേക്കും പോകും. പരിചയ സമ്പന്നർ മരണം വരെയോ അല്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്ത് പോകുന്നത് വരെയോ മത്സരിക്കുന്നതായിരുന്നു ലീഗിലെ ഒരു രീതി.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് പൊന്നാനി ലോകസഭ നിയോജക മണ്ഡലം. 2004ലെ തെരഞ്ഞെടുപ്പ് വരെ പെരിന്തൽമണ്ണ, മങ്കട എന്നീ നിയമസഭ മണ്ഡലങ്ങൾ പൊന്നാനിക്ക് കീഴിലായിരുന്നു. മണ്ഡല പുനർനിർണയം വന്നപ്പോൾ പെരിന്തൽമണ്ണയും മങ്കടയും മലപ്പുറം ലോക്‌സഭ മണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപവത്കരിച്ച തവനൂർ, കോട്ടക്കൽ മണ്ഡലങ്ങൾ പൊന്നാനിയോട് കൂട്ടിച്ചേർക്കപ്പെടുകയുമായിരുന്നു.
1952ൽ കെ കേളപ്പൻ, കിസാൻ മസ്‌ദൂർ പ്രജ പാർട്ടിയുടെ പ്രതിനിധിയായി വിജയിച്ചു. 1962ൽ ഇ കെ ഇമ്പിച്ചി ബാവ സിപിഎമ്മിന് വേണ്ടി പൊന്നാനിയിൽ ചെങ്കൊടി പാറിച്ചു. 1967ൽ സി കെ ചക്രപാണിയും 71ൽ എം കെ കൃഷ്‌ണനും സിപിഎമ്മിന് വേണ്ടി മണ്ഡലം കാത്തു. അതിന് ശേഷം പച്ചക്കൊടി വാണ നാട്ടിൽ പക്ഷേ ഒന്ന് ഒത്തുപിടിച്ചാൽ പൊന്നാനി ചുവപ്പിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം.
വർഷം | വിജയി | പാർട്ടി |
1952 | കെ കേളപ്പൻ | കിസാൻ മസ്‌ദൂർ പ്രജ പാർട്ടി |
1962 | ഇ കെ ഇമ്പിച്ചി ബാവ | സിപിഎം |
1967 | സി കെ ചക്രപാണി | |
1971 | എം കെ കൃഷ്‌ണൻ | |
1977 | ജി എം ബനാത്ത്‌വാല | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
1980 | ||
1984 | ||
1989 | ||
1991 | ഇബ്രാഹിം സുലൈമാൻ സേട്ട് | |
1996 | ജി എം ബനാത്ത്‌വാല | |
1998 | ||
1999 | ||
2004 | ഇ അഹമ്മദ് | |
2009 | ഇ ടി മുഹമ്മദ് ബഷീർ | |
2014 | ||
2019 |
പൊന്നാനി ലോക്‌സഭ മണ്ഡലത്തിന് കീഴിലുള്ള നാല് നിയമസഭ സീറ്റുകൾ (പൊന്നാനി, താനൂർ, തവനൂർ, തൃത്താല) ഇടതുപക്ഷത്തിനൊപ്പമാണ്. എന്നാല്‍ കോട്ടക്കലും തിരൂരും തിരൂരങ്ങാടിയും മതി തങ്ങളുടെ വിജയം ഉറപ്പിക്കാനെന്ന് മുസ്ലിം ലീഗ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. 2009 വരെ സിപിഐയാണ് മണ്ഡലത്തിൽ മത്സരിച്ചത്.
2009ൽ സീറ്റ് തിരിച്ചെടുത്ത സിപിഎം, കാന്തപുരം വിഭാഗത്തിന് കൂടി താൽപര്യമുണ്ടായിരുന്ന ഹുസൈൻ രണ്ടത്താണിയെ സ്ഥാനാർഥിയാക്കി. 2014ൽ മുൻ കോൺഗ്രസുകാരനായ നിലവിലെ മന്ത്രി വി അബ്‌ദുറഹിമാനെയാണ് സിപിഎം പരീക്ഷിച്ചത്. 2019ൽ നിലമ്പൂർ എംഎൽഎ പി വി അൻവറിന്‍റെ ഊഴമായിരുന്നു. സ്വതന്ത്ര പരീക്ഷണങ്ങൾ തുടർച്ചയായി പരാജയപ്പെട്ടിട്ടും മാറ്റമില്ലാതെ ഈ തവണയും അതേ ശൈലി പിന്തുടരുകയാണ് സിപിഎം.
ഇ ടിക്കെതിരെ പാർട്ടിയുടെ താഴെ തട്ടിൽ നിന്ന് വിമർശനം ഉയർന്ന സാഹചര്യത്തിൽ എത്താന്‍ സാധ്യതയുള്ള അബ്‌ദുസമദ് സമദാനിക്കെതിരെ ശക്തനായ എതിരാളിയെ തന്നെയാണ് സിപിഎം കളത്തിലിറക്കിയിരിക്കുന്നത്. ലീഗ് പുറത്താക്കിയ കെ എസ് ഹംസയിലൂടെ കുഞ്ഞാലിക്കുട്ടി വിരുദ്ധരുടെ വോട്ട് ചൂണ്ടാനാണ് ശ്രമം. ഒപ്പം സമസ്‌ത കൂടി കനിഞ്ഞാൽ ഹംസ മിന്നൽ പിണറാകും എന്ന ചിന്ത പാർട്ടിക്കുണ്ട്.
അതേസമയം, കുത്തിത്തിരുപ്പുണ്ടാക്കി മറുകണ്ടം ചാടിയ ഹംസയെ അംഗീകരിക്കില്ല, അത് ഗുണത്തിലേറെ ദോഷമാകും എന്ന വിശ്വാസത്തിലാണ് ലീഗ് നേതൃത്വം.