എറണാകുളം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിൻ്റെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കോൺഗ്രസ് നേതാവ് അവ്നി ബെൻസൽ, ബംഗളൂരു സ്വദേശി രഞ്ജിത് തോമസ് എന്നിവരാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. വീടിൻ്റെയും കാറിൻ്റെയും വിവരങ്ങൾ രാജീവ് ചന്ദ്രശേഖർ മറച്ചുവെച്ചുവെന്നാരോപിച്ചാണ് ഹർജി നൽകിയത്.
തെറ്റായ വിവരങ്ങൾ നൽകിയ രാജീവ് ചന്ദ്രശേഖറിൻ്റെ നാമനിർദേശ പത്രിക സ്വീകരിച്ചത് ചട്ടവിരുദ്ധമെന്നാണ് ഹർജിക്കാരുടെ വാദം. 2018 ൽ രാജ്യസഭയിലേക്ക് മത്സരിച്ചപ്പോഴും സമാനമായ രീതിയിൽ വിവരങ്ങൾ മറച്ചുവെച്ചെന്നും ആരോപണമുണ്ട്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പത്രിക തള്ളണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്.
ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിച്ചേക്കും. നിലവിലെ കേന്ദ്ര സഹമന്ത്രി കൂടിയാണ് രാജീവ് ചന്ദ്രശേഖർ. യുഡിഎഫിന്‍റെ ശശി തരൂരും, എൽഡിഎഫിന്‍റെ പന്ന്യൻ രവീന്ദ്രനുമാണ് എൻഡിഎ സ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖറിന്‍റെ എതിരാളികൾ.
പരാതിയുമായി ഇടതുമുന്നണിയും: നാമനിർദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ നല്‍കിയെന്നാരോപിച്ച് രാജീവ് ചന്ദ്രശേഖറിനെതിരെ എൽഡിഎഫും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. രാജീവ് ചന്ദ്രശേഖറിന് മുഖ്യ ഓഹരിയുള്ള ഇന്ത്യയിലെ പ്രധാന ധനകാര്യ സ്ഥാപനമായ ജൂപ്പിറ്റൽ ക്യാപ്പിറ്റൽ അടക്കമുള്ള പ്രധാന ആസ്‌തികൾ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്താതെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
നാമനിർദേശ പത്രികയോടൊപ്പം വ്യാജ സത്യവാങ്മൂലം നൽകിയത് ജന പ്രാതിനിധ്യ നിയമമനുസരിച്ച് ഗുരുതര കുറ്റമാണെന്നും മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും എൽഡിഎഫ് തിരുവനന്തപുരം ലോക്‌സഭ മണ്ഡലം കമ്മിറ്റി ചെയർമാൻ എം വിജയകുമാറും ജനറൽ കൺവീനർ മാങ്കോട് രാധാകൃഷ്‌ണനും തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു.