പത്തനംതിട്ട : പോളിങ്ങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവത്തിൽ ജീവനക്കാരന് സസ്‌പെൻഷൻ. എല്‍ഡി ക്ലർക്ക് യദു കൃഷ്‌ണനെയാണ് ജില്ല കലക്‌ടർ സസ്പെൻഡ് ചെയ്‌തത്. പോളിങ്ങ് സാധനങ്ങള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ വയ്‌ക്കേണ്ട ഫ്ളക്‌സ് തയ്യാറാക്കാനായി പിഡിഎഫ് ആയി നല്‍കിയ പട്ടിക അബദ്ധത്തില്‍ ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിലേക്ക് പോയെന്നാണ് കണ്ടെത്തല്‍.
ഉദ്യോഗസ്ഥനിൽ നിന്ന് ഉണ്ടായത് ഗുരുതര വീഴ്‌ചയായതിനാല്‍ ഇയാള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് കലക്‌ടർ അറിയിച്ചു. സംഭവത്തില്‍ ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നും പരിശോധിക്കും. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പത്തനംതിട്ട മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലെയും ഉദ്യോഗസ്ഥരെ പുനര്‍വിന്യസിച്ചെന്നും കലക്‌ടർ വ്യക്തമാക്കി.
സംഭവം കളളവോട്ടിനുളള നീക്കമാണെന്ന് യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി പ്രതിഷേധിച്ചതിന് പിന്നാലെയാണ് നടപടിയെടുത്തത്. അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആൻ്റോ ആൻ്റണി കലക്‌ടറേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. യുഡിഎഫ് നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇതോടെയാണ് കലക്‌ടർ നടപടി എടുത്തത്.
തെരഞ്ഞെടുപ്പ് അട്ടിമറിക്ക് വളരെ ഹീനമായ തന്ത്രങ്ങളാണ് നടക്കുന്നതെന്ന് ആന്‍റോ ആന്‍റണി പറഞ്ഞു. ഇവിടുത്തെ പോളിങ്ങ് ഓഫിസർമാരായി നിശ്ചയിച്ചിരിക്കുന്നതില്‍ കൂടുതൽ ആളുകളും ഇടതുപക്ഷത്തിന്‍റേതാണ്. അവരുടെ ലിസ്റ്റ് ഇടതുപക്ഷ സംഘടനകള്‍ക്ക് ചോർത്തിക്കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.
ഇടതുചായ്‌വുള്ള പോളിങ്ങ് ഓഫിസർമാർമാർ ഡ്യൂട്ടിക്കുള്ള പോളിങ് ബൂത്തുകൾ ഏതെന്ന് പറഞ്ഞ്, അവിടെ കള്ളവോട്ട് ചെയ്യാമെന്നും പറഞ്ഞ് ഈ ലിസ്റ്റ് എല്ലായിടത്തും പ്രചരിപ്പിക്കുകയാണെന്നാണ് ആരോപണം. ഇതൊന്നും അംഗീകരിക്കാൻ സാധിക്കില്ലെന്നും, പോളിങ്ങ് ഓഫിസർമാർ ആരൊക്കെയാണെന്ന് നിശ്ചയിച്ചിട്ടുള്ള ഓഡറുകള്‍ കലക്‌ടറേറ്റില്‍ നിന്ന് പുറത്തുപോയ ചരിത്രമുണ്ടോയെന്നും ആന്‍റോ ചോദിച്ചു. ഇപ്പോള്‍ അത് പുറത്തുപോയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പോളിങ്ങ് ബൂത്തുകളുടെ വിവരവും, അവിടെ നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുടെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പർ സഹിതം സിപിഎം ഓഫിസുകളിലും പാർട്ടി പ്രവർത്തകർക്കും എത്തിച്ച് കൊടുത്തുവെന്നും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ നഗ്നമായ ലംഘനവും കള്ളവോട്ട് ചെയ്യുന്നതിനും ഉദ്യോഗസ്ഥരെയും സ്വാധീനിക്കുന്നതിനും ഇത് കാരണമാകുമെന്നും ആന്‍റോ ആന്‍റണി സമർപ്പിച്ച പരാതിയില്‍ ആരോപിച്ചിരുന്നു.