കണ്ണൂർ: കേരള രാഷ്ട്രീയത്തിന്‍റെ തലസ്ഥാനം കണ്ണൂർ തന്നെയെന്ന് വീണ്ടും വീണ്ടും ഊട്ടി ഉറപ്പിക്കുകയാണ് കണ്ണൂരിലെ രാഷ്ട്രീയ പാർട്ടികൾ. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് അടുക്കുമ്പോൾ കണ്ണൂരിൽ കപ്പ് ആര് നേടുമെന്നതിൽ മത്സരം മുറുകുകയാണ്. തൃശൂർ പൂരത്തിലെ കുടമാറ്റം പോലെ റോഡ് ഷോയും ഡി ജെ നൈറ്റും തുടങ്ങി പുതുപുത്തൻ മോഡൽ പ്രചാരണം ആണ് ഇപ്പോൾ നടക്കുന്നത്.
ദേശീയ നേതാക്കളെ ഇറക്കിയാണ് പ്രധാന മുന്നണികൾ അവസാന ലാപ്പിലെ പ്രചാരണം കൊഴുപ്പിക്കുന്നത്. സിപിഎമ്മിന് വേണ്ടി ബൃന്ദ കാരാട്ടും സീതാറാം യെച്ചൂരിയും ഇറങ്ങിയപ്പോൾ, കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ ഇറക്കിയാണ് യുഡിഎഫ് ചെക്ക് വച്ചത്. 100 കണക്കിന് പ്രവർത്തകരാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുക്കാൻ എത്തിയത്.
മട്ടന്നൂർ തലശ്ശേരി റോഡിൽ കനാൽ പരിസരത്തുനിന്നാണ് റോഡ്‌ഷോ ആരംഭിച്ചത്. പ്രവർത്തികരിൽ ആവേശം കൊള്ളിച്ചാണ് ഇരിട്ടി വരെ 14 കിലോമീറ്ററോളം ദൂരം റോഡ് ഷോ കടന്നു പോയത്. വഴിനീളെ പ്രവർത്തകർ മുദ്രാവാക്യം വിളികളും ബൈക്ക് റാലികളുമായി ഒപ്പം കൂടി. കാറാട് - നടുവനാട് - പെരിയത്തിൽ-വെളിയമ്പ്ര എന്നിവിടങ്ങളിലൂടെ പര്യടനം നടത്തിയാണ് റോഡ് ഷോ ഇരിട്ടിയിൽ സമാപിച്ചത്.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാജ്യത്തൊരിടത്തും ബിജെപി തരംഗമോ മോദി തരംഗമോ നിലനിൽക്കുന്നില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. ഇന്ത്യ സഖ്യം ദേശീയതലത്തിൽ സർക്കാർ രൂപീകരിക്കുമെന്നതിൽ സംശയം വേണ്ട. നരേന്ദ്ര മോദിക്കും ബി ജെ പി നേതാക്കൾക്കും ഉറക്കമില്ലാത്ത രാത്രികളാകും ഈ തിരഞ്ഞെടുപ്പ് സമ്മാനിക്കാൻ പോകുന്നതെന്നും ഡികെ ശിവകുമാർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി മോദിയെ വിമർശിക്കുന്നില്ലെന്ന രാഹുലിന്‍റെ പരാമർശത്തിൽ മറുപടിയുമായി സീതാറം യെച്ചൂരിയും രംഗത്തെത്തി. കോൺഗ്രസ് ആദ്യം അവരുടെ നേതാക്കളെ പിടിച്ചു നിർത്തണമെന്നും, കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകുന്നത് തടഞ്ഞിട്ട് വേണം മറ്റുള്ളവരെ വിമർശിക്കാൻ എന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുറന്നടിച്ചിരുന്നു. വരും ദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർഥി എം ജയരാജന് വേണ്ടി പ്രചാരണത്തിന് ഇറങ്ങും.
ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ പ്രധാന സ്ഥാനാർഥികളായ എം വി ജയരാജൻ, കെ കെ ശൈലജ ടീച്ചർ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർക്ക് വോട്ട് ചെയ്യേണ്ടത് കണ്ണൂർ വടകര മണ്ഡലങ്ങളിലാണ്. എൻഡിഎക്ക് വേണ്ടി കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ് നാളെ മട്ടന്നൂരിലും തലശ്ശേരിയിലുമായി രണ്ടു പൊതുയോഗങ്ങളിലാണ് പങ്കെടുക്കുന്നത്. ഏപ്രിൽ 18ന് രാവിലെയാണ് കാസർഗോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിലെ പ്രചാരണത്തിന് വേണ്ടി രാഹുൽ ഗാന്ധി കണ്ണൂരിലെത്തുക.
Also Read: 'സിപിഎം വടകരയിൽ കള്ളവോട്ടിന് നീക്കം നടത്തുന്നു'; ആരോപണവുമായി യുഡിഎഫ് ഹൈക്കോടതിയിൽ