കണ്ണൂര്‍ : കേരളത്തിലെ തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തൽ ആകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സംസ്ഥാനത്ത് ഒരു സീറ്റിലും ബിജെപി ജയിക്കില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സമീപ കാലത്തൊന്നും കേരളത്തില്‍ നേടിയിട്ടില്ലാത്ത ഉജ്ജ്വല വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടാവും.
കമ്മ്യൂണിസ്‌റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗം മാത്രമാണ് മുഖ്യമന്ത്രിക്കെതിരെയും ഇടതുപക്ഷ കൺവീനർ ഇപി ജയരാജനെതിരെയും നടക്കുന്നത് എന്നും എംവി ഗോവിന്ദൻ പറഞ്ഞു. സിപിഎം നേതാക്കൾക്കെതിരെ നടക്കുന്ന കള്ള പ്രചരണങ്ങളുടെ ആയുസ് ഇന്ന് വരെയാണ്.
ഇത്തരം കാര്യങ്ങൾ ചെയ്യേണ്ട ആവശ്യം സിപിഎമ്മിനില്ല. ഇപി വിവാദം കമ്മ്യൂണിസ്‌റ്റ് വിരുദ്ധ പ്രചാര വേലയുടെ ഭാഗമാണ്. പലരും വരും, പലരെയും കാണും. അതിലൊന്നും കുഴപ്പമില്ല. മുഖ്യമന്ത്രി പറഞ്ഞത് കൃത്യമായ മുന്നറിയിപ്പെന്നും എംവി ഗോവിന്ദൻ വോട്ട് ചെയ്‌ത ശേഷം മാധ്യമങ്ങളോട് പറഞ്ഞു.