കോഴിക്കോട് : വോട്ടിങ് പ്രക്രിയ അവസാന മണിക്കൂറിലേക്ക് കടന്നപ്പോഴും കോഴിക്കോട് പാർലമെന്‍റ് മണ്ഡലത്തിലെ വോട്ടിങ് കേന്ദ്രങ്ങളിൽ വൻതിരക്ക്. അതിരാവിലെ മുതൽ കണ്ട തിരക്ക് ഇപ്പോഴും യാതൊരു ശമനവും ഇല്ലാതെ തുടരുകയാണ്. മിക്ക കേന്ദ്രങ്ങളിലും സ്ത്രീകളും പുരുഷന്മാരും അടക്കം നിരവധി പേരാണ് വോട്ട് ചെയ്യുന്നതിന് വേണ്ടി വരി നിൽക്കുന്നത്.
കനത്ത ചൂടിലും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ടാണ് ഓരോരുത്തരും വോട്ട് ചെയ്യുന്നതിന് വേണ്ടി വോട്ടിങ് കേന്ദ്രങ്ങളിൽ എത്തിയത്. എന്നാല്‍ വോട്ടിങ് മെഷീനുകളിലെ തകരാര്‍ ബൂത്തുകളിൽ വോട്ടിങ് വൈകിച്ചു.
കോഴിക്കോട് മണ്ഡലത്തിൽ നിരവധി ബൂത്തുകളിലാണ് വോട്ടിങ് യന്ത്രം പലപ്പോഴായി തകരാറിലായത്. ഇതിന് പുറമെ ഉദ്യോഗസ്ഥരുടെ പരിചയക്കുറവും വോട്ടിങ് മന്ദഗതിയിലാക്കി. മണിക്കൂറിൽ പരമാവധി 40 പേര് വരെയാണ് വോട്ട് ചെയ്‌ത് പുറത്തിറങ്ങുന്നത്. കൂടാതെ മിക്ക വോട്ടിങ് മെഷീനുകളിൽ നിന്നും വോട്ട് ചെയ്‌ത ശേഷമുള്ള ബീപ്പ് ശബ്‌ദം വരുന്നതും ഏറെ സമയത്തിന് ശേഷമാണ്.
വോട്ടിങ് കാലതാമസം വന്ന എല്ലാ പോളിങ് ബൂത്തുകളിലും ആറ് മണിക്ക് ശേഷവും വോട്ട് ചെയ്യാൻ വലിയ തിരക്ക് അനുഭവപ്പെടും എന്നാണ് സൂചന. ഇതേ നിലയിൽ വോട്ടിങ് ഇഴഞ്ഞു നീങ്ങുകയാണെങ്കില്‍ രാത്രി വരെ നീണ്ട് പോകാനും സാധ്യതയുണ്ട്.