കോട്ടയം: മകന് മൗറിഷ്യസ് ബാങ്കിൽ നിക്ഷേപമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ നടപടി സ്വീകരിച്ച് കോട്ടയം ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൻ്റെ മകനെ ഉപയോഗിച്ച് തനിക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ എസ്‌പിക്ക് പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു.
തെരഞ്ഞെടുപ്പിൽ ആശയപരമായി നേരിടണമെന്നും, വ്യക്തിഹത്യ നടത്തുന്നത് മോശമാണെന്നും ഫ്രാൻസിസ് ജോർജ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസിൽ ഫ്രാൻസിസ് ജോർജിന്‍റെ മകന് കള്ളപ്പണനിക്ഷേപം ഉണ്ടെന്ന തരത്തിലുള്ള വ്യാജ വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇന്ത്യയിലുളള മൗറിഷ്യസ് ബാങ്കിൽ മുമ്പ് മകന് ഒരു സീറോ ബാലൻസ് അക്കൗണ്ട് ഉണ്ടായിരുന്നു. എന്നാൽ ഈ അക്കൗണ്ട് വഴി പണം സ്വീകരിക്കുകയോ നിക്ഷേപിക്കുകയോ ചെയ്‌തിരുന്നില്ല. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപ് ഈ അക്കൗണ്ട് ബാങ്കുകാർ തന്നെ ക്ലോസ് ചെയ്‌തതായും അദ്ദേഹം പറഞ്ഞു. അതിനാൽ അക്കൗണ്ട് വിവരങ്ങൾ ചേർക്കേണ്ടി വന്നില്ല എന്നും ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി.