തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളിലും യുഡിഎഫ് വിജയം നേടുമെന്ന് തൃശൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. ഇ പി ജയരാജനുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നിട്ടുള്ള എല്ലാ വിവാദങ്ങളും സിപിഎം - ബിജെപി അന്തർധാരയുടെ ഭാഗമാണ്. ഇക്കാര്യം താനാണ് ആദ്യമായി ഉയർത്തിക്കൊണ്ട് വന്നതെന്നും തിരുവനന്തപുരം ജവഹർ നഗർ സ്‌കൂളിൽ ബൂത്ത് നമ്പർ 86 ൽ വോട്ട് രേഖപ്പെടുത്തിയ ശേഷം കെ മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം, തൃശൂർ ബിജെപിക്ക്. മറ്റിടങ്ങൾ എൽഡിഎഫിന്. ഇതാണ് അന്തർധാര. തൃശൂർ സിപിഎം ജില്ല കമ്മിറ്റി ഓഫിസിൽ മുഖ്യമന്ത്രി എത്തിയത് ഡീൽ ഉറപ്പിക്കാനാണെന്നും കെ മുരളീധരൻ ആരോപിച്ചു.
'18 സീറ്റിൽ എൽഡിഎഫിനെയും 2 സീറ്റിൽ ബിജെപിയെയും ജയിപ്പിക്കാനാണ് ധാരണ. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് ഗുണം എന്നപോലെ കേസും ഒഴിവാക്കാം കോൺഗ്രസിനെ അടിക്കുകയും ചെയ്യാം. ഇതാണ് അന്തർധാര.' മുരളീധരൻ പറഞ്ഞു
തൃശൂരിൽ യുഡിഎഫിന് ഒരു സംശയവുമില്ല. തൃശൂരിൽ എൽഡിഎഫിന്‍റെ പ്രധാനപ്പെട്ട നേതാക്കൾ ആരും പ്രചരണത്തിന് എത്തിയില്ല. പിണറായി അറിഞ്ഞുകൊണ്ടാണ് എല്ലാ അന്തർധാരയുമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
Also Read: 'ജാവദേക്കർ ചായ കുടിക്കാന്‍ പോകാന്‍ ഇപിയുടെ വീട് ചായക്കടയല്ല': തുറന്നടിച്ച് കെ സുധാകരന്‍