പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി ആരോപണം. 6 വർഷം മുൻപ് മരിച്ച വയോധികയുടെ പേരില്‍ മരുമകൾ വോട്ട് ചെയ്‌തതായി ആണ് പരാതി ഉയർന്നിരിക്കുന്നത്. മെഴുവേലി ഗ്രാമ പഞ്ചായത്തിൽ കാരിത്തോട്ട സ്വദേശിനിയായിരുന്ന അന്നമ്മ ജോർജിന്‍റെ പേരില്‍ മരുമകള്‍ അന്നമ്മ മാത്യു വോട്ട് ചെയ്‌തതായാണ് ആരോപണം.
മരിച്ചയാളുടെയും വോട്ട് രേഖപ്പെടുത്തിയ മരുമകളുടെയും പേര് അന്നമ്മ എന്നാണ്. വാര്‍ഡ് അംഗവും ബിഎല്‍ഒയും ഒത്തു കളിച്ചുവെന്നാരോപിച്ച് എല്‍ഡിഎഫാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ ജില്ല കളക്‌ടർക്ക് പരാതി നല്‍കി. വോട്ട് ചെയ്യാൻ വാർഡ് അംഗവും ബിഎല്‍ഒയും ഒത്തുകളിച്ചതായാണ് പരാതിയിൽ പറയുന്നത്.
അന്നമ്മ ജോർജ് 6 വർഷം മുൻപാണ് മരിച്ചത്. ഇവരുടെ പേരിലാണ് വീട്ടില്‍ വോട്ടിനു വേണ്ടിയുള്ള അപേക്ഷ സമർപ്പിച്ചിരുന്നത്. ഇതനുസരിച്ച് ഏപ്രിൽ 18ന് ബിഎല്‍ഒയും വാർഡ് അംഗവും ഉൾപ്പെടെയുള്ളവർ വീട്ടിലെത്തിയിരുന്നു. മരിച്ച അന്നമ്മ ജോർജിന്‍റെ പേരില്‍ ലഭിച്ച അപേക്ഷയിൽ ഇവരുടെ മരുമകള്‍ അന്നമ്മ മാത്യു വോട്ട് രേഖപ്പെടുത്തി എന്നാണ് എല്‍ഡിഎഫിന്‍റെ ആരോപണം.
അതേസമയം കിടപ്പ് രോഗിയായ മരുമകള്‍ അന്നമ്മ മാത്യുവിന് വേണ്ടിയാണ് വോട്ടിന് അപേക്ഷിച്ചതെന്നും, സീരിയല്‍ നമ്പർ എഴുതിയത് മാറിയതാണെന്നുമാണ് ബിഎല്‍ഒ നൽകുന്ന വിശദീകരണം. സീരിയല്‍ നമ്പർ മാറി എഴുതി തനിക്ക് തെറ്റു പറ്റിയെന്നും മരിച്ച അന്നമ്മ ജോർജിന്‍റെ പേര് വോട്ടർ പട്ടികയില്‍ നിന്നും നീക്കം ചെയ്യാൻ പലതവണ അപേക്ഷ നല്‍കിയതാണെന്നും ബിഎല്‍ഒ പറയുന്നു.