കോഴിക്കോട് : കോഴിക്കോട് പാർലമെന്‍റ് മണ്ഡലത്തിലെ പല ബൂത്തുകളിലും വോട്ടിങ് മെഷീൻ തകരാറിനെത്തുടര്‍ന്ന് പോളിങ് ഏറെ നേരം തടസപ്പെട്ടു. ഒന്നരമണിക്കൂർ വരെ വോട്ടെടുപ്പ് വൈകിയ ബൂത്തുകൾ വിവിധ പഞ്ചായത്തുകളിൽ ഉണ്ട്. രാവിലെ മോക്ക് വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോഴാണ് വോട്ടിങ് മെഷീനിൽ തകരാർ കണ്ടെത്തിയത്. ആദ്യം ഉദ്യോഗസ്ഥർ തന്നെ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പരിഹരിക്കാനാവാത്ത അവസ്ഥയാണ് പല കേന്ദ്രങ്ങളിലും ഉണ്ടായത്.
പിന്നീട് പുതിയ മെഷീൻ എത്തിച്ചാണ് വോട്ടിങ് പുനരാരംഭിച്ചത്. ജോലിക്കും മറ്റും പോകേണ്ടവരെല്ലാം അതിരാവിലെ തന്നെ ബൂത്തുകളിൽ വരിനിന്നിരുന്നു. എന്നാൽ അവർക്കൊന്നും കൃത്യസമയത്ത് വോട്ട് ചെയ്യാൻ സാധിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചത്.
ഇന്ന് വെള്ളിയാഴ്‌ച ആയതുകൊണ്ട് പള്ളിയിൽ പോകേണ്ടവരും അതിരാവിലെ തന്നെ വോട്ടിങ് കേന്ദ്രങ്ങളിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് മുൻപേ വോട്ട് രേഖപ്പെടുത്തി പോകാമെന്ന പ്രതീക്ഷയിലാണ് ഇവരെല്ലാം എത്തിയത്. എന്നാൽ വോട്ടിങ് മെഷീനുകൾ പണിമുടക്കിയതോടെ തിരക്ക് വർധിച്ചതിനാല്‍ ഇവർക്കും വലിയ പ്രയാസം നേരിട്ടു.
അതേസമയം കനത്ത ചൂടിനെ പ്രതിരോധിക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ പല ബൂത്തുകളിലും ഇല്ലാത്ത കാഴ്‌ചയും കാണാനായി. ഇതും വോട്ടർമാരെ വലിയ വിഷമത്തിലാക്കി. മെഷീൻ തകരാർ വന്നയിടങ്ങളിൽ തിരക്ക് വർധിച്ചതോടെ വോട്ടിങ് കൃത്യസമയത്ത് പൂർത്തിയാക്കാൻ ആകുമോ എന്ന കാര്യം സംശയമാണ്. അതുകൊണ്ടുതന്നെ വോട്ടർമാരുടെ പ്രയാസം കണക്കിലെടുത്ത് പാഴായ സമയം കൂടുതലായി നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ALSO READ : കോഴിക്കോട് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; പോളിങ് സ്‌റ്റേഷനുകളില്‍ നീണ്ട നിര