തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവും യു ഡി എഫ് സർക്കാർ കാലത്തെ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്‍റുമായ പത്‌മിനി തോമസ്, തിരുവനന്തപുരം നഗരസഭ മുൻ കൗൺസിലറും ഡി സി സി മുൻ ജനറൽ സെക്രട്ടറിയുമായ തമ്പാനൂർ സതീഷും ബി ജെ പി യിൽ അംഗത്വം സ്വീകരിച്ചു (Congress leaders Padmini Thomas and Thampanoor Satheesh joined BJP). എൻഡിഎ തിരുവനന്തപുരം പാർലമെന്‍റ് തെരഞ്ഞെടുപ്പ് കാര്യ സമിതിയിൽ വച്ച് ഇന്ന് രാവിലെ 12 മണിക്കാണ് അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഇരുവർക്കും സ്വീകരണം നൽകി.
കൂടാതെ തിരുവനന്തപുരം മണ്ഡലത്തിലെ നിരവധി തീരദേശ കോൺഗ്രസ് പ്രവർത്തകരും വിവിധ സംസ്ഥാന സംഘടന നേതാക്കളും ബിജെപിയിൽ ചേർന്നു (Kerala Congress leaders joined BJP). ഡാനി ജോൺ സെൽവൻ, ഉദയൻ, ജയ സുരേഷ് (തീരദേശ യുഡിഫ് നേതാവ്), സോമൻ , പീറ്റർ സോമൻ (മുൻ പൂന്തുറ വാർഡ് കൗൺസിലർ, കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം) ആന്‍റോ (പൂവാർ പഞ്ചായത്ത് പ്രസിഡന്‍റ് ) ഹരിദാസൻ (മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അംഗം ) ജിജോ ജെറോം (ഡി വൈ എഫ് ഐ അംഗം ) ഷീന തമ്പാനൂർ (സി പി എം പ്രവർത്തക, കർഷക സംഘടന നേതാവ് ) എന്നിവരെ ബി ജെ പി സംസ്ഥാന നേതാക്കൾ സ്വീകരിച്ചു.
കെപിസിസി സെക്രട്ടറിമാരുടെ ഭാരവാഹിപ്പട്ടിക ഏകപക്ഷീയമാണെന്നാരോപിച്ചാണ് സതീഷ് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചത്. തുടർന്ന് കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. കെ സുധാകരന്‍ കെപിസിസി ഫണ്ട് ധൂർത്തടിക്കുന്നെന്നും, കെപിസിസി ഫണ്ടിൽ നിന്ന് പണമെടുത്ത് വ്യാജ പീഡന പരാതി ഉന്നയിച്ച ഡിവൈഎഫ്ഐ നേതാവിന് പണം നൽകിയതായും ആണ് ആരോപിച്ചത്.
കോൺഗ്രസിനും എൽഡിഎഫിനുമെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ: കോൺഗ്രസിലും ഇടതുപക്ഷത്തിലും ജനങ്ങൾക്കുള്ള വിശ്വാസം നഷ്‌ടപ്പെട്ടുവെന്നും കേന്ദ്രത്തിനു പിന്നാലെ കേരളത്തിലും കോൺഗ്രസ് നാമാവശേഷമായെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. രാജ്യത്തെ ചിന്നഭിന്നമാക്കുന്നവരുടെ കൂടെയാണ് കോൺഗ്രസ്. ആന്‍റോ ആന്‍റണി പിന്തുണ പ്രഖ്യാപിച്ചത് തീവ്രവാദികൾക്കാണ്.
കോൺഗ്രസ് പ്രതിപക്ഷ ധർമം മറന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. 8 വർഷമായി കേരളത്തിൽ ദുർഭരണം തുടരുന്നു. ബി ജെ പി ജയിക്കുമോ എന്ന ഭയം മറ്റു പാർട്ടികൾക്ക് വന്നു. ചരിത്രത്തിലാദ്യമായി സിറ്റിംഗ് എം പി യെ മാറ്റിയിരിക്കുന്നു. പൗരത്വ ഭേദഗതിയുടെ പേരിൽ കുളം കലക്കി മീൻ പിടിക്കുന്നു. 15 വർഷം കൊണ്ട് ശശി തരൂർ നേടിയ സ്ഥാനം 15 ദിവസം കൊണ്ട് രാജീവ് ചന്ദ്രശേഖർ നേടിയെന്നും അദ്ദേഹം പറഞ്ഞു.
10 കൊല്ലം കൊണ്ട് യു പി എ സർക്കാർ എന്ത് ചെയ്‌തുവെന്നും 10 കൊല്ലം എൻ ഡി എ എന്ത് ചെയ്‌തുവെന്നും പരിശോധിക്കുന്ന റിപ്പോർട്ട് ആണ് ഈ തെരഞ്ഞെടുപ്പിൽ (Lok Sabha election 2024) ചർച്ച ചെയ്യേണ്ടതെന്ന് കേന്ദ്ര മന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.