തൃശൂർ : തൃശൂർ പൂരത്തിന് മുമ്പ് തെരെഞ്ഞെടുപ്പ് പൂരത്തിന് കൊടിയേറിയ തൃശൂർ മണ്ഡലത്തിൽ തെരെഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കുമ്പോഴും പോരാട്ട ചൂടിന് ശമനമില്ല. ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണവും നിരവധി വിവാദങ്ങളും ഇളക്കിമറിച്ച തൃശൂർ മണ്ഡലം ആർക്കൊപ്പമെന്ന ചോദ്യത്തിൻ്റെ ഉത്തരമിപ്പോഴും സസ്പെൻസാണ്.
തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ തൃശ്ശൂരിലെ പോരാട്ടം ദേശീയ ശ്രദ്ധയിലേക്ക് ഉയർന്നത് പ്രധാനമന്ത്രി മോദിയും, എൻഡിഎയും മണ്ഡലത്തിൽ ജയിച്ചു കയറാമെന്ന പ്രതീക്ഷയുമായി രംഗത്തിറങ്ങിയതായിരുന്നു. എങ്ങനെയും തൃശൂരിൽ ജയിച്ചു കയറുകയെന്ന ലക്ഷ്യത്തോടെയാണ് എൻഡിഎയും സ്ഥാനാർഥി സുരേഷ് ഗോപിയും മുന്നോട്ട് പോകുന്നത്.
തൃശൂർ പൂരം നടത്തിപ്പിലെ പൊലീസ് ഇടപെടലും, കരുവന്നൂർ ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമുൾപ്പടെ ആവനാഴിയിലെ എല്ലാ അമ്പും പ്രയോഗിക്കുകയാണ് സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും അല്ലാതെയുമായി മൂന്ന് തവണയാണ് മോദി അടുത്തിടെ തൃശൂർ മണ്ഡലത്തിലെത്തിയത്.
കരുവന്നൂരിൽ സിപിഎം പാവങ്ങളുടെ പണം കവരുകയാണന്നും പണം നഷ്‌ടമായ നിക്ഷേപകർക്ക് പണം തിരിച്ച് നൽകുമെന്ന പ്രഖ്യാപനവും ഇടത് മുന്നണിയുടെ വോട്ട് ബാങ്കിൽ ഇളക്കം തട്ടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. ഇതിന് തൊട്ടു പിന്നാലെ, എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ് കരുവന്നൂർ ബാങ്കിലെ പണം നഷ്‌ട്ടമായ നിക്ഷേപകർക്ക് പ്രതികളിൽ നിന്ന് പിടിച്ചെടുത്ത പണം വിതരണം ചെയ്യുന്നതിൽ തടസമില്ലന്ന് വിചാരണ കോടതിയിൽ സത്യമാവാങ്മൂലം നൽകിയത് യാദൃശ്ചികമല്ല.
മോദി ഗ്യാരൻ്റിയെ കുറിച്ച് കേരളത്തിൽ ആദ്യ പ്രഖ്യാപനം നടത്തിയതും തൃശൂരിലായിരുന്നു. പ്രചാരണങ്ങൾ കൊണ്ടും പ്രഖ്യാപനങ്ങൾ കൊണ്ടും ഇടത് വലത് മുന്നണികളെ അട്ടിമറിക്കാൻ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷ. എന്നാൽ ഇത്തവണ തൃശൂരിലെ ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവും മുൻ മന്ത്രിയുമായ വിഎസ് സുനിൽ കുമാറിലൂടെ മണ്ഡലം തിരിച്ച് പിടിക്കാമെന്നാണ് ഇടത് മുന്നണി കണക്കുകൂട്ടുന്നത്.
പ്രചാരണ രംഗത്ത് താഴെക്കിടയിലേക്ക് ഇറങ്ങി ബൂത്ത് തലം വരെ ഇളക്കിമറിച്ചുള്ള പ്രചാരണമാണ് ഇടത് മുന്നണി നടത്തിയത്. ഏറ്റവും കൂടുതൽ വോട്ടർമാരെ നേരിൽ കണ്ട സ്ഥാനാർഥി താനാണെന്ന് വിഎസ് സുനിൽകുമാർ പറയുന്നു. തൃശൂർ മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത്ത് പോലും എത്തില്ലന്ന പ്രഖ്യാപനവുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിലെത്തിയത്.
രാജ്യം നേരിടുന്ന നിർണായക തെരെഞെടുപ്പിൽ വർഗീയതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന വിഎസ് സുനിൽ കുമാറിനെ വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയായിരുന്നു അദ്ദേഹം നടത്തിയത്. മുൻ മുഖ്യമന്ത്രി കരുണാകരൻ്റെ മകൾ പത്മജ പോലും ബിജെപിയിലേക്ക് പോയത് കോൺഗ്രസിൻ്റെ ബിജെപി അനുകൂല നിലപാടിൻ്റെ ഭാഗമാണെന്ന് സിപിഎം വ്യാപകമായി മണ്ഡലത്തിൽ പ്രചരിപ്പിച്ചു. ഇതിലൂടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണയും ഇടത് മുന്നണി പ്രതീക്ഷിക്കുന്നു.
അതേസമയം കരുവന്നൂർ ബാങ്കിലെ തട്ടിപ്പിനിരയായവരും ബന്ധുക്കളും തങ്ങൾക്ക് എതിരായ നിലപാട് സ്വീകരിക്കുമോ എന്ന ആശങ്കയാണ് ഇടത് ക്യാമ്പിലുള്ളത്. കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിൽ സിറ്റിങ് എംപിയെ തോൽപ്പിച്ച ചരിത്രമുള്ള തൃശൂർ ഇത്തവണ ഇടത് പക്ഷത്തിനൊപ്പമെന്നാണ് ഇടത് മുന്നണി കണക്കുകൂട്ടുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 93,633 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിച്ച ടിഎൻ പ്രതാപനെ മാറ്റിയത് എന്തിനെന്ന് യുഡിഎഫിന് ഇതുവരെ കൃത്യമായി വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല.
തങ്ങളുടെ സ്വന്തം ലീഡറുടെ മകൻ സാക്ഷാല്‍ കെ മുരളീധരൻ മത്സര രംഗത്ത് എത്തിയതോടെ വിജയമുറപ്പിച്ചു എന്നാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും വിശ്വസിക്കുന്നത്. പ്രധാന എതിരാളിയായ ഇടത് പക്ഷത്തെ സംശയത്തിൻ്റെ നിഴലിൽ നിർത്തി വോട്ടർമാരെ കൂടെ നിർത്തുകയെന്ന തന്ത്രമാണ് കെ മുരളീധരൻ തുടക്കം മുതൽ പയറ്റിയത്. മണ്ഡലത്തിൽ സിപിഎം, ബിജെപി രഹസ്യ ധാരണയുണ്ടെന്ന് ആവർത്തിക്കുകയാണ് കെ മുരളീധരൻ.
കരുവന്നൂർ കേസിലെ ഇഡി അന്വേഷണത്തിലൂടെ സിപിഎം നേതാക്കളെ ഭയപ്പെടുത്തി വരുതിയിലാക്കുകയാണ് ബിജെപിയെന്ന വിശദീകരണവും അദ്ദേഹം നൽകുന്നു. ബിജെപി യിലേക്ക് പോയ സ്വന്തം സഹോദരിയെ തള്ളി പറഞ്ഞാണ് കെ മുരളീധരൻ തൻ്റെ കോൺഗ്രസിനോടുള്ള കൂറും ബിജെപി വിരുദ്ധ നിലപാടും വോട്ടർമാർക്ക് മുമ്പിൽ പ്രതിഫലിപ്പിക്കാൻ ശ്രമിച്ചത്.
എന്നാൽ മുരളിയേട്ടനും താമസിയാതെ ബിജെപി യിലേക്ക് വരുമെന്നും, തൃശൂരിൽ അദ്ദേഹം ഇത്തവണ മൂന്നാം സ്ഥാനത്തായിരിക്കുമെന്നും പത്മജയെ ഇറക്കിയാണ് ബിജെപി പ്രചരിപ്പിച്ചത്. 2019 ലെ പ്രത്യേക സാഹചര്യത്തിൽ ടി എൻ പ്രതാപൻ നേടിയ മിന്നുന്ന വിജയം ആവർത്തിക്കാൻ കഴിയില്ലങ്കിലും ജയിച്ചു കയറാൻ കഴിയുമെന്നാണ് സ്ഥാനാർഥിയും യുഡി എഫും പ്രതീക്ഷിക്കുന്നത്. കോൺഗ്രസിന് മാത്രമല്ല കെ മുരളീധരൻ എന്ന നേതാവിൻ്റെ രാഷ്‌ട്രീയ ഭാവി കൂടി തീരുമാനിക്കുന്നതായിരിക്കും തൃശൂരിലെ പോരാട്ടം.
കഴിഞ്ഞ തവണ ശബരിമലയും, രാഹുൽ എഫക്‌ടുമൊക്കെ കോൺഗ്രസിനെ വൻ വിജയത്തിലേക്ക് നയിച്ചുവെങ്കിൽ ഇത്തവണ സമാനമായ വിഷയങ്ങളില്ല. എന്നാൽ പൂരവും കരുവന്നൂരുമൊക്കെ പരമാവധി ചർച്ചയാക്കി വിജയ തുടർച്ചയ്ക്കാണ് കെ മുരളീധരനും കോൺഗ്രസും ശ്രമിക്കുന്നത്.