പത്തനംതിട്ട: പോളിങ് ഉദ്യോഗസ്ഥരുടെ പോളിങ് സ്റ്റേഷനും മറ്റു വിശദാംശങ്ങള്‍ അടങ്ങുന്ന ഔദ്യോഗിക പട്ടിക ചോർന്നതില്‍ നടപടി ആവശ്യപ്പെട്ട് കളക്‌ടറേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണി. സസ്പെൻഷനില്‍ കുറഞ്ഞ ഒരു നടപടിയും അംഗീകരിക്കില്ല എന്നും യുഡിഎഫ് നേതാക്കള്‍ ജില്ലാ കളക്‌ടറെ അറിയിച്ചു. ആന്‍റോ ആന്‍റണിയുടെ ആരോപണത്തിന് പിന്നാലെ സംഭവത്തിലുൾപ്പെട്ട എല്‍ഡി ക്ലർക്ക് യദു കൃഷ്‌ണനെ കളക്‌ടര്‍ സസ്പെൻഡ് ചെയ്‌തു.
പോളിങ് സാമഗ്രികള്‍ക്കൊപ്പം കൈമാറുന്ന പോളിങ് ഓഫീസർമാരുടെ പട്ടിക രണ്ടുദിവസം മുൻപേ ഇടതുപക്ഷ അനുകൂല സംഘടന നേതാക്കന്മാർ ചോർത്തി എന്നായിരുന്നു ആന്‍റോ ആന്‍റണിയുടെ ആരോപണം . ലിസ്റ്റ് വാട്‌സാപ്പില്‍ പ്രചരിക്കുന്നു എന്നും, ഇടതുപക്ഷ നേതാക്കള്‍ ഈ പട്ടികയുടെ വിശദാംശങ്ങള്‍ തങ്ങളുടെ പ്രവർത്തകർക്ക് പറഞ്ഞുകൊടുത്ത് കള്ളവോട്ടിനുള്ള മുഴുവൻ സജ്ജീകരണങ്ങളും ചെയ്യുന്നു എന്നുമുള്ള ഗുരുതര ആരോപണമാണ് യുഡിഎഫ് ഉയർത്തിയത്.
പോളിങ് ഓഫീസർമാരുടെ പട്ടിക പോളിങ് സാമഗ്രികള്‍ കൈമാറുന്നതിനൊപ്പം മാത്രമാണ് പോളിങ് ഓഫീസർമാർ അറിയേണ്ടത്. കളക്‌ടറുടെ ഓഫീസില്‍ അതീവ രഹസ്യമായി ഇരിക്കേണ്ട പട്ടികയാണ് ചോർന്നത്. ഏത് മണ്ഡലത്തിലെ എത്രാം നമ്പർ ബൂത്തിലാണ് ഡ്യൂട്ടി എന്ന വിവരം രണ്ടുദിവസം മുൻപേ ഇടതുപക്ഷ അനുകൂല സംഘടന ചോർത്തുന്നതിന്‍റെ ഫലമായി കള്ളവോട്ടിനുള്ള കളം ഒരുങ്ങുകയാണെന്നും ആൻ്റോ ആൻ്റണി കുറ്റപ്പെടുത്തി.
പോളിങ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് മുൻകൂട്ടി കിട്ടിയ ഇടതുപക്ഷ നേതാക്കന്മാർ അവരുടെ പ്രവർത്തകരോട് കള്ളവോട്ടിനുള്ള ആഹ്വാനമാണ് ചെയ്‌തിട്ടുള്ളത്. ഉദ്യോഗസ്ഥന്മാരുടെ പട്ടികയില്‍ 85 ശതമാനം ആളുകളും ഇടതുപക്ഷ അനുകൂല സംഘടനയുടെ ആളുകളാണെന്നും അതുകൊണ്ടുതന്നെ അതാത് ബൂത്തുകളില്‍ കള്ളവോട്ട് ചെയ്യാൻ യാതൊരു തടസവുമില്ലെന്നും ഇടതുപക്ഷ സൈബർ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു. ഇത്തരത്തിലുള്ള ചട്ടലംഘനവും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമവും ഒരുകാലത്തും ഉണ്ടായിട്ടില്ല എന്നും ആന്‍റോ ആന്‍റോണി പറഞ്ഞു.