തിരുവനന്തപുരം : ദുഃഖവെള്ളി ദിനത്തിൽ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാർഥികൾ ക്രൈസ്‌തവ ദേവാലയങ്ങൾ സന്ദർശിച്ചു. എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ രാവിലെ 7 മണിക്ക് പാളയം സെന്‍റ് ജോസഫ്‌സ് കത്തീഡ്രലിൽ കുരിശിന്‍റെ വഴിയിൽ പങ്കെടുത്തു. ഉച്ചയ്‌ക്ക് 2 മണിക്ക് സ്പെൻസർ ജംഗ്ഷനിലെ പള്ളിയും അദ്ദേഹം സന്ദർശിക്കും.
യുഡിഎഫ് സ്ഥാനാർഥി ശശി തരൂരും പാളയം സെന്‍റ് ജോസഫ് കത്തീഡ്രലിൽ കുരിശിന്‍റെ വഴിയിൽ പങ്കെടുത്തു. ഉച്ചയ്ക്ക് 12.30 ന് പാളയം സിഎസ്ഐ പള്ളിയും ശശി തരൂർ സന്ദർശിച്ചു. വൈകിട്ട് 4 മണിക്ക് പള്ളിത്തുറ, വലിയ വേളി, കൊച്ചുവേളി, വെട്ടുകാട്, ചെറിയ വെട്ടുകാട്, കണ്ണാന്തുറ, തോപ്പ്, വലിയതുറ എന്നിവിടങ്ങളിലെ ക്രൈസ്‌തവ ദേവാലയങ്ങൾ ശശി തരൂർ സന്ദർശിക്കും.
യേശുക്രിസ്‌തുവിന്‍റെ കുരിശുമരണത്തിന്‍റെ ഓര്‍മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുകയാണ്. സംയുക്ത കുരിശിന്‍റെ വഴി ഇന്ന് രാവിലെ സിറോ മലബാർ, ലത്തീൻ, സിറോ മലങ്കര എന്നീ സഭകളുടെ നേതൃത്വത്തിൽ നടന്നു.
പള്ളികളിൽ ഇന്ന് പ്രത്യേക പ്രാർഥനകളും കുരിശുവഹിച്ചുള്ള മലകയറ്റവും ഉണ്ടാകും. ഓർത്തഡോക്‌സ് - യാക്കോബായ പള്ളികളിലും മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ശുശ്രൂഷകൾ ഉണ്ടാകും. നിരവധി വിശ്വാസികളാണ് കുരിശുമല കയറാനായി എറണാകുളം മലയാറ്റൂരിൽ എത്തിയിരിക്കുന്നത്.
ALSO READ : യേശുവിന്‍റെ കുരിശുമരണ സ്‌മരണ പുതുക്കി ഇന്ന് ദുഃഖവെള്ളി ; പള്ളികളില്‍ പ്രത്യേക പ്രാർഥനകൾ